20 November Wednesday

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് 
വർണാഭ തുടക്കം ; ഇടുക്കിയും തിരുവനന്തപുരവും മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

നൃത്തശിൽപ്പം അവതരിപ്പിക്കുന്ന കുട്ടികൾക്ക് വേദിക്കു മുന്നിലിരുന്ന് ചുവടുകൾ ഓർമിപ്പിച്ച് ആത്മവിശ്വാസം പകരുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർ ചിത്രലേഖ. / ഫോട്ടോ: മിഥുൻ അനില മിത്രൻ

 


കണ്ണൂർ
ഇരുപത്തിയഞ്ചാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‌ വർണാഭമായ തുടക്കം. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ 1600 വിദ്യാർഥികൾ മൂന്നുദിവസം നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്‌ക്കും. കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ പ്രധാനവേദിയിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ കെ രത്നകുമാരി അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതം പറഞ്ഞു.

സമഗ്രശിക്ഷ കേരള ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച സ്വാഗതനൃത്തവും സ്വാഗതഗാനവും ശ്രദ്ധയാകർഷിച്ചു. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള മത്സരങ്ങളാണ്‌ ആദ്യദിനം നടന്നത്‌. കേൾവിപരിമിതിയുള്ളവർക്ക് 15 ഇനങ്ങളിലും കാഴ്ചപരിമിതിയുള്ളവർക്ക് 19 ഇനങ്ങളിലും വെള്ളിയും ശനിയുമായി മത്സരം നടക്കും.

ഇടുക്കിയും തിരുവനന്തപുരവും മുന്നിൽ
ആദ്യദിനത്തിലെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ തിരുവനന്തപുരവും ഇടുക്കിയും 25 പോയിന്റോടെ ഒന്നാം സ്ഥാനത്ത്‌. രണ്ടാം സ്ഥാനത്ത്‌ 21 പോയിന്റോടെ തൃശൂർ, എറണാകുളം, കണ്ണൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളും മൂന്നാം സ്ഥാനത്ത്‌ 20 പോയിന്റ്‌ നേടി കോട്ടയവും കാസർകോടുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top