22 December Sunday

കോളേജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീ​ഗ്; രാജ്യത്ത് ആദ്യം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം> കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്സ് ലീഗ് സംഘടിപ്പിക്കുമെന്ന് മന്ത്രിമാരായ ഡോ. ആർ ബിന്ദുവും വി അബ്ദുറഹ്മാനും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ സ്പോർട്സ് ലീ​ഗ് സംഘടിപ്പിക്കുന്നത്. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുന്നത്. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും.

മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുന്നത്. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവ്വഹണ സമിതി. പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ 'ഹോം ആൻഡ് എവേ' മത്സരങ്ങളാണ് നടക്കുക. ജില്ലാ തല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

സ്‌പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും- മന്ത്രിമാർ അറിയിച്ചു. സ്പോർട്സ് ലീഗിൻ്റെ ലോഗോ മന്ത്രിമാർ ചേർന്ന് വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top