കൊല്ലം > ആശയസംവാദങ്ങളുടെ ആകാശം സൃഷ്ടിച്ച് ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ–- സാംസ്കാരികോത്സവത്തിനു തിരിതെളിഞ്ഞു. അറിവും കലയും സംഗമിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിന് ജസ്റ്റിസ് കെ ചന്ദ്രു ദീപം തെളിച്ചു. സർവകലാശാല വൈസ് ചാൻസലർ വി പി ജഗതിരാജ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ അഭിമാനസ്തംഭമായി മാറിക്കൊണ്ടിരിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയാണ് സാഹിത്യ–- സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.
സാംസ്കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, ജില്ലാ ലൈബ്രറി കൗൺസിൽ, മീഡിയ അക്കാദമി, കേരള സ്റ്റാർട്ടപ് മിഷൻ, ശ്രീനാരായണഗുരു അന്തർദേശീയ പഠനതീർഥാടന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ, ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം എന്നിവയും നാലുദിവസം നീളുന്ന സാഹിത്യ–- സാംസ്കാരികോത്സവത്തിനു മാറ്റുകൂട്ടും.
ഓപ്പൺ വിദ്യാഭ്യാസത്തിന്റെ വർത്തമാനവും ഭാവിയും ചർച്ചചെയ്ത സെമിനാറും ഫ്രഞ്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷാർലോട്ട് കോട്ടനുമായുള്ള സംവാദവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെമിനാർ ഇഗ്‌നോ വൈസ് ചാൻസിലർ ഉമ കഞ്ചിലാൽ ഉദ്ഘാടനംചെയ്തു. പ്രോ വൈസ് ചാൻസലർ ഇൻചാർജ് ജെ ഗ്രേഷ്യസ് അധ്യക്ഷനായി. നൂറിൽപ്പരം പ്രസാധകർ അണിനിരക്കുന്ന പുസ്തകോത്സവം നർത്തകി രാജശ്രീ വാര്യർ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഭദ്രദീപം തെളിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വി സാംബശിവൻ അനുസ്മരണ കഥാപ്രസംഗ മത്സരം കഥാപ്രസംഗ പ്രേമികൾക്ക് വിരുന്നായി. സാഹിത്യ–- സാംസ്കാരികോത്സവം ചൊവ്വാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..