23 December Monday

‘അമ്മ’ തുടക്കത്തിൽ അനീതികൾ ചെയ്തു ; താരാധിപത്യത്തിന്റെ ആദ്യ 
ഇരയെന്ന്‌ ശ്രീകുമാരൻ തമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


തിരുവനന്തപുരം
മലയാള സിനിമയിൽ താരാധിപത്യം സൃഷ്‌ടിച്ചത്‌ മമ്മൂട്ടിയും മോഹൻലാലുമാണെന്നും അതിന്റെ ആദ്യഇര താനാണെന്നും ശ്രീകുമാരൻ തമ്പി. തന്നെയടക്കം നിരവധിപേരെ സിനിമാ മേഖലയിൽനിന്നുതന്നെ അവർ മാറ്റിനിർത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ‘‘നിർമാതാവും സംവിധായകനുമായിരുന്ന എനിക്ക്‌ കോൾഷീറ്റുപോലും നൽകിയില്ല. മലയാള സിനിമയുടെ തകർച്ചയ്ക്ക്‌ കാരണം താരാധിപത്യമാണ്‌. പുതിയകാലത്ത്‌ ഈ ആധിപത്യം തകരുകയാണ്‌. സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികൾ മലയാള സിനിമയിലുണ്ടായത് 90കൾക്ക് ശേഷമാണ്.

മുമ്പ്‌  സംവിധായകനും നിർമാതാവും ചേർന്നാണ് നടീ നടന്മാരെ നിശ്ചയിച്ചിരുന്നത്‌. പിന്നീട്‌  സിനിമ ആര് സംവിധാനം ചെയ്യണമെന്ന് നായകർ തീരുമാനിക്കുന്ന സ്ഥിതിയായി. തുടർച്ചയായി സിനിമയെടുത്തിരുന്ന സംവിധായകരും നിർമാതാക്കളും  പുറത്തായി. ഇതിനെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. അതുവരെ നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയാണ് മുന്നേറ്റത്തിൽ മമ്മൂട്ടിയെ ഞാൻ നായകനാക്കിയത്.

അമ്മ തുടക്കത്തിൽ അനീതികൾ ചെയ്തിട്ടുണ്ട്. പ്രിഥ്വിരാജിനെ ഒരു വർഷത്തേക്ക് വിലക്കി. അമ്മയിലെ ചിലർ മാക്ട പിളർത്തി ഫെഫ്കയുണ്ടാക്കി. അതിനെ ഇപ്പോൾ നിയന്ത്രിക്കുന്നതും അവരാണ്‌. ഡബ്ല്യുസിസിയെയും അതിന്റെ ഭാരവാഹികളെയും അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി രൂപീകരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്കാരിക മന്ത്രി എ കെ ബാലനും വലിയ പങ്കാണുള്ളത്‌. മലയാള സിനിമയിൽ വേതനകാര്യത്തിലും പുരുഷമേധാവിത്വമുണ്ട്. മുടക്കുമുതലിന്റെ മൂന്നിലൊന്നും രണ്ടിലൊന്നും നടന്മാർ പ്രതിഫലം വാങ്ങുന്നു. നിർമാതാക്കൾ തകരുന്നു.

സൂപ്പർതാരങ്ങൾ വന്നതിനുശേഷം വളരെക്കുറച്ച് പാട്ടുകളേ എഴുതിയിട്ടുള്ളൂ. ഒരു സിനിമയിൽ പാട്ട്‌ എഴുതുന്നതിൽനിന്നുപോലും മമ്മൂട്ടി എന്നെ തടഞ്ഞു.
മോഹൻലാലിന് പുരസ്കാരം കൊടുത്തത് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനാണ്. അദ്ദേഹത്തിന്റെ അഭിനയപാടവത്തിനാണ്‌ ജൂറി പുരസ്കാരം നിശ്ചയിച്ചത്‌’’–തിരുവനന്തപുരം പ്രസ്‌ക്ലബിൽ ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top