17 September Tuesday
ഓപ്പൺ ബുക്ക്‌ 
പരീക്ഷ നടത്തുന്ന ആദ്യ സർവകലാശാല

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും മുസിരിസ് പ്രോജക്ടും കൈകോർക്കുന്നു ; ധാരണപത്രം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


കൊല്ലം
കൊല്ലം ജില്ലയുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പ്രൊജക്ട്‌ ലിമിറ്റഡും കൈകോർക്കുന്നു. സെക്രട്ടറിയറ്റിലെ നവകൈരളി കോൺഫറൻസ് ഹാളിൽ ബുധൻ പകൽ 11.30ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡിംപി വി ദിവാകരനും മുസിരിസ് പ്രൊജക്റ്റ്‌ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ മനോജ്‌കുമാറും ധാരണപത്രം ഒപ്പിടും.

പുതിയ തലമുറയ്‌ക്ക് ഇവ അറിയാനും ആഴത്തിൽ പഠിക്കാനും അവസരമൊരുങ്ങും. പുരാതനകാലം മുതൽക്കുള്ള ആഗോള സമുദ്രവ്യാപാരത്തിലെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായ കൊല്ലം പട്ടണത്തെക്കുറിച്ചുള്ള ഗവേഷണം സാധ്യമാകും. വേണാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. കൊല്ലത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു സ്പൈസ് റൂട്ട് പൈതൃക സംരംഭം. ഇതിന്റെ വിപുലീകരണമാണ്‌ വേണാട് പൈതൃക പദ്ധതി. ഇതിന്റെ ഭാഗമായി മേഖലയിലെ നിർമിതവും പ്രകൃതിദത്തവുമായ സ്ഥലങ്ങൾ, സ്‌മാരകങ്ങൾ എന്നിവ കണ്ടെത്തി സംരക്ഷിക്കും. വിവിധ പൈതൃകകേന്ദ്രങ്ങൾ പുനർനിർമിക്കും. ഡിസംബറിൽ മൂന്നുദിവസത്തെ അന്താരാഷ്ട്ര അക്കാദമിക് സമ്മേളനം നടത്തും, ഒപ്പം ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹെറിറ്റേജ് എക്സിബിഷനും സംഘടിപ്പിക്കും.

ഓപ്പൺ ബുക്ക്‌ 
പരീക്ഷ നടത്തുന്ന ആദ്യ സർവകലാശാല
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓപ്പൺ ബുക്ക്‌ പരീക്ഷയുടെ ഓപ്പറേഷൻ മാന്യുവൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ബുധനാഴ്‌ച സെക്രട്ടറിയറ്റ്‌ നവകൈരളി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഓപ്പൺ സർവകലാശാല ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്തുന്നത്. എട്ടിന് കേരളത്തിലെ 14 കേന്ദ്രത്തിൽ പരീക്ഷ നടത്തും.

ഓപ്പൺ ബുക്ക് പരീക്ഷ, ബിരുദ/ബിരുദാനന്തര സെമസ്റ്റർ പരീക്ഷകൾക്ക് നടപ്പാക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണിത്‌. ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാനുള്ള പരീക്ഷാ കൺട്രോളർ ഗ്രേഷ്യസ് ജെയിംസിന്റെ വിശദമായ നിർദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. ലളിതവും യുക്തിഭദ്രവും പരീക്ഷണാടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദതലത്തിലെ പ്രോഗ്രാമുകളിൽ രണ്ടാം സെമസ്റ്ററിലെ ഫൗണ്ടേഷണൽ സ്‌കിൽസ് ഫോർ റിസർച്ച്‌ ആൻഡ്‌ റൈറ്റിങ്‌സ് എന്ന കോഴ്സിനാണ് നടപ്പാക്കുന്നത്.

പരീക്ഷയ്ക്കായി മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസർ അച്യുത് ശങ്കർ എസ് നായർ അധ്യക്ഷനായ വിദഗ്‌ധ സമിതിയെ സർവകലാശാല നിയമിച്ചിട്ടുണ്ട്. റെസ്ട്രിക്ടഡ് ടൈപ്പ് ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യഘട്ടത്തിൽ. സർവകലാശാല പഠിതാക്കൾക്ക് തയ്യാറാക്കി നൽകിയ സെൽഫ് ലേണിങ്‌ മെറ്റീരിയൽ പരീക്ഷാഹാളിൽ റഫറൻസ്‌ കൊണ്ടുപോകാനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top