24 September Tuesday

ശ്രീലങ്കയിലെ മാറ്റം: ഉറ്റുനോക്കി കേരളവും

പ്രത്യേക ലേഖകൻUpdated: Tuesday Sep 24, 2024

ശ്രീലങ്കൻ പ്രസിഡന്റ്‌ അനുര കുമാര ദിസനായകെ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ്‌ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

തിരുവനന്തപുരം > ശ്രീലങ്കയിൽ കമ്യൂണിസ്റ്റ്‌ നേതാവ്‌ അനുര കുമാര ദിസനായകെ പ്രസിഡന്റായതോടെ ഉറ്റുനോക്കി കേരളവും. അടുത്ത കാലത്ത്‌ കേരളം സന്ദർശിച്ച ദിസനായകെ വിനോദസഞ്ചാര, വ്യവസായ, ചികിത്സാ മേഖലയിൽ പരസ്പര സഹകരണം സംബന്ധിച്ച്‌ അഭിപ്രായപ്പെട്ടിരുന്നു. ടെക്‌നോപാർക്കും മറ്റും സന്ദർശിക്കുകയും ചെയ്തു.

മലയാളികളുടെ റിസോർട്ടുകളടക്കം പല സ്ഥാപനങ്ങൾ കൊളംബോയിലുണ്ട്. പലതും ആയുർവേദ റിസോർട്ടുകളാണ്‌. ശ്രീലങ്കക്കാർ ആയുർവേദ ചികിത്സയിൽ താൽപര്യമുള്ളവരായതിനാൽ ഈ മേഖലയിൽ പരസ്പര സഹകരണത്തിന് സാധ്യതയേറെയാണ്. വ്യവസായ, ഐ ടി മേഖലകളിലുംസഹകരണത്തിന്‌ സാധ്യതകളുണ്ട്‌.

 സിലോൺ ആയിരുന്ന കാലംമുതലേ മലയാളിയുമായി അടുത്തബന്ധമുള്ള നാടാണിത്‌. മലയാളികൾക്കായി പ്രത്യേക റേഡിയോ സംപ്രേഷണം വരെ ഉണ്ടായിരുന്നു. ആദ്യകാലത്ത്‌ എത്തിയവരെല്ലാം അവിടുത്തെ പൗരന്മാരായി പരമ്പരാഗതമായി ജീവിക്കുന്നവരാണ്‌. കേരളത്തിലെ ചില സമുദായ സംഘടനകളുടെയടക്കം യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്‌.

ശ്രീലങ്കൻ എയർലൈൻസ്‌, എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ സർവീസുകൾ കേരളത്തിൽ നിന്നുണ്ട്‌. ശരാശരി നിരക്ക്‌ 20,000 ആണെങ്കിലും നേരത്തെ ബുക്ക്‌ചെയ്‌താൽ കുറഞ്ഞ നിരക്കിന്‌ ടിക്കറ്റുണ്ടെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. 45 മിനിറ്റ്‌ മാത്രമാണ്‌ യാത്രാസമയം. അതേസമയം, കുറഞ്ഞ നിരക്കിൽ പോയിവരാൻ ചെന്നെയിൽ നിന്നാണ്‌ സൗകര്യമെന്നും ഇവിടെയും അത്തരത്തിലേക്ക്‌ മാറണമെന്നും യാത്രക്കാർ പറയുന്നു. മൂന്ന്‌ മണിക്കൂർ യാത്രയുള്ള വിയറ്റ്‌നാമിലേക്ക്‌ 15,000 രൂപ മതിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top