തിരുവനന്തപുരം
1979ൽ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പാർടി ക്ലാസിലാണ് സീതാറാമിനെ ആദ്യമായി കാണുന്നത്. വിവിധ സംസ്ഥാന പ്രതിനിധികൾ പങ്കെടുത്ത ആ പഠന ക്ലാസ്സിൽ നിരന്തരം ചോദ്യംചോദിക്കുന്ന ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. അന്നുതുടങ്ങിയ സൗഹൃദമാണ്. ഒരു കുടുംബത്തിലെ അംഗങ്ങളായാണ് വർഷങ്ങളോളം ഡൽഹിയിൽ കഴിഞ്ഞത്. സീതാറാം കേരളത്തിൽ വരുമ്പോഴൊക്കെ വന്ന് കാണും. ആ ഹൃദയബന്ധം പറഞ്ഞറിയിക്കാനാകില്ല.
1984ലാണ് കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായെത്തുന്നത്. സാമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര വിഷയങ്ങളിലെ സീതാറാമിന്റെ ആഴത്തിലുള്ള പരിജ്ഞാനം എടുത്തുപറയേണ്ടതാണ്. അത് പാർടിക്ക് പരമാവധി പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 1992ൽ ചെന്നൈയിൽചേർന്ന 14–-ാം പാർടി കോൺഗ്രസ്സ് സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസത്തിനേറ്റ തിരിച്ചടിയെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. ആ രേഖയുടെ കരട് തയ്യാറാക്കിയത് സീതാറാമിന്റെ നേതൃത്വത്തിലാണ്. സോഷ്യലിസത്തിനേറ്റ തിരിച്ചടി മറികടക്കാൻ എന്ത് വേണം എന്ന് സമഗ്രമായി അവതരിപ്പിച്ച രേഖ ലോകത്തിന് നൽകിയ ആശയപരമായ വലിയ സംഭാവനകളിലൊന്നാണ്. കല, സാഹിത്യ മേഖലയെപ്പറ്റിയും അപാരമായ അറിവുണ്ട്. അദ്ദേഹത്തിന്റെ വിയോഗം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..