തൃപ്പൂണിത്തുറ
വൈക്കത്തേക്കുള്ള രണ്ടാംയാത്രയിലും ഭക്ഷണം രുചിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തെക്കൻ പറവൂർ അന്നപൂർണ റസ്റ്റോറന്റിലെത്തി. ഇത്തവണ പ്രഭാതഭക്ഷണം കഴിക്കാനാണ് എം കെ സ്റ്റാലിൻ ‘അന്നപൂർണ’യിൽ കയറിയത്. ഹോട്ടലിൽനിന്ന് പഴംപൊരിയും ഇഡലിയും കേസരിയും രുചിച്ച് കുമരകത്തേക്ക് തിരിച്ചു.
വ്യാഴാഴ്‌ച വൈക്കത്ത് തന്തൈപെരിയാർ സ്‌മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് സ്‌റ്റാലിൻ കേരളത്തിലെത്തിയത്. കുമരകത്തേക്കുള്ള യാത്രയിൽ ബുധൻ രാവിലെയാണ് ഹോട്ടലിലെത്തിയത്. കഴിഞ്ഞവർഷം വൈക്കത്ത് പരിപാടികഴിഞ്ഞ് മടങ്ങിയ സ്റ്റാലിൻ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു.
ഹോട്ടലുടമ ഇസക്കി മുത്തു, മാനേജർ ശരത് എന്നിവർ ചേർന്ന് സ്റ്റാലിനെ സ്വീകരിച്ചു. ഭക്ഷണത്തിനുശേഷം, കാണാൻ എത്തിയവർക്ക് ഒപ്പം സെൽഫിയുമെടുത്തായിരുന്നു മടക്കം. സ്റ്റാലിൻ എത്തുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗവും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു.
വൈക്കത്തെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മന്ത്രി എൻ കയൽവിഴി സെൽവരാജും ഉച്ചയ്‌ക്ക് അന്നപൂർണയിൽ ഭക്ഷണം കഴിച്ചാണ് അവിടേയ്‌ക്ക് തിരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..