14 November Thursday

ഹോട്ടലുകൾക്ക് നക്ഷത്രപദവി 
നൽകുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയം ; പ്രചാരണങ്ങൾ അടിസ്ഥാനരഹിതം

എസ് കിരൺ ബാബുUpdated: Friday Oct 11, 2024


തിരുവനന്തപുരം
കേരളത്തിൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ഹോട്ടലുകൾക്കും 4 സ്റ്റാർ, 5 സ്റ്റാർ പദവി നൽകുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അപ്രൂവൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിക്കാണ്‌ (എച്ച്ആർഎസിസി) നക്ഷത്ര പദവി നൽകാനും റദ്ദാക്കാനുമുള്ള അധികാരം. സംസ്ഥാന സർക്കാരിനോ ടൂറിസം വകുപ്പിനോ ഇതിനുള്ള അധികാരമില്ലാഞ്ഞിട്ടും നക്ഷത്രപദവി നൽകുന്നതിൽ സംസ്ഥാന സർക്കാർ അഴിമതി കാണിക്കുന്നെന്നാണ് വ്യാജ പ്രചാരണം.

എട്ട് വിദ​ഗ്ധ അം​ഗങ്ങളടങ്ങിയ സമിതിയാണ് എച്ച്ആർഎസിസി. കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ ജനറലോ അദ്ദേ​ഹം നിർദേശിക്കുന്നയാളോ ആയിരിക്കും സമിതി അധ്യക്ഷൻ. എച്ച്ആർഎസിസി മെമ്പർ സെക്രട്ടറി, ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എച്ച്ആർഎഐ), ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എച്ച്എഐ), ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് (ഐഎടിഒ), ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടിഎഎഐ), പ്രിൻസിപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കേന്ദ്ര ടൂറിസം റീജിയണൽ ഡയറക്ടർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ അം​ഗങ്ങളാണ് സമിതിയിലുള്ളത്. 

1,2,3 നക്ഷത്ര ഹോട്ടലുകൾക്ക് അനുമതി നൽകുന്ന സമിതിയുടെ അധ്യക്ഷൻ സംസ്ഥാന ടൂറിസം സെക്രട്ടറിയോ ഡയറക്ടറോ ആയിരിക്കും. മറ്റ് അം​ഗങ്ങളെല്ലാം എച്ച്ആർഎസിസിയിൽ നിന്നുള്ളവരാണ്. എച്ച്ആർഎസിസിയുടെ തീരുമാനത്തിൽ പരാതികളുണ്ടെങ്കിൽ കേന്ദ്ര ടൂറിസം സെക്രട്ടറിക്ക് അപ്പീലും നൽകാം.

ദേശീയപാത നിർമിക്കുന്നതും കേന്ദ്രം
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ നിർമാണവും പരിപാലനവും ടോൾ പിരിവുമെല്ലാം ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. എന്നാൽ ദേശീയപാത നിർമാണത്തിന്റെ ഏകോപനത്തിനും പുരോ​ഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായി ഉന്നതതലയോ​ഗം ചേരാറുണ്ട്. നിർമാണത്തിലെ പിഴവുകൾ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തും. ദേശീയപാത വികസനത്തിനായി രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന്റെ  25 ശതമാനം സംസ്ഥാനം വഹിച്ചു. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറിയത് 5580.73 കോടി രൂപയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്കാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജീവൻവച്ചത്. ഇതൊക്കെ മറച്ചുവച്ചാണ്‌ നാടിന്റെ വികസനപദ്ധതികളെ തകർക്കാൻ ചിലർ ആസൂത്രിതശ്രമം നടത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top