08 September Sunday
സ്റ്റാർട്ടപ് ബൂട്ട് ക്യാമ്പ്‌ സമാപിച്ചു

സ്റ്റാർട്ടപ് മേഖലയിലെ സാധ്യത വിദ്യാർഥികൾ 
പ്രയോജനപ്പെടുത്തണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി
സ്റ്റാർട്ടപ് മേഖലയിലെ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ്. എ പി ജെ അബ്ദുൽ കലാം ശാസ്‌ത്രസാങ്കേതിക സർവകലാശാല കളമശേരി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മൂന്നുദിവസത്തെ സ്റ്റാർട്ടപ് ബൂട്ട് ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സംരംഭകത്വ വികസനത്തിന് പ്രാധാന്യം നൽകുന്നതാണ്‌ പുതിയ സിലബസ്‌. വ്യവസായ–--അക്കാദമിക്‌ ബന്ധം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ക്യാമ്പസുകളിൽ ഇൻഡസ്‌ട്രിയൽ പാർക്കുകൾ ആരംഭിക്കുന്ന പദ്ധതിക്ക്‌ തുടക്കമിടുകയാണ്‌. ഇതോടെ പഠനത്തിനൊപ്പം ജോലിയെന്ന ആശയം കേരളത്തിലും നടപ്പാക്കാനാകും. പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന വിദ്യാർഥികൾക്ക്‌ ക്രെഡിറ്റ് അഥവാ ഗ്രേസ് മാർക്ക്‌ നൽകുന്നതും സർവകലാശാലകൾ പരിഗണിക്കണം.

നവീന ആശയങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ജെൻ എഐ കോൺക്ലേവിൽ യുവാക്കൾക്ക്‌ പ്രത്യേക പ്രാതിനിധ്യം നൽകിയത്‌. ആഗസ്‌തിൽ ആദ്യ റോബോട്ടിക്സ് റൗണ്ട് ടേബിളും നടക്കും. ലോകമെങ്ങും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായെങ്കിലും കേരളത്തിൽ പ്രശ്നമുണ്ടായില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ ഐടി നയമാണ്‌ നേട്ടമായതെന്നും മന്ത്രി പറഞ്ഞു.


ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത റിസോഴ്സ്‌പേഴ്സൺമാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കേരള സ്റ്റാർട്ടപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക, സർവകലാശാല സ്റ്റാർട്ടപ് സെൽ വൈസ് ചെയർമാൻ ഡോ. ജി വേണുഗോപാൽ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാർ ജേക്കബ്, പ്രൊഫ. ജി സഞ്ജീവ്, ആഷിക് ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top