കൂറ്റനാട് > കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിൽ പികെ സ്റ്റീഫൻ്റെ അരങ്ങേറ്റം സ്വപ്ന സാഫല്യത്തിൻ്റെ നിമിഷമായി. ചാലിശേരി പുലിക്കോട്ടിൽ ക്രൈസ്തവ കുടുംബത്തിൽ നിന്നാണ് ഇദ്ദേഹം ചെണ്ട വാദ്യകലാരംഗത്തെന്നുന്നത്.
ഫുട്ബോൾ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറസാന്നിധ്യമാണ് സ്റ്റീഫൻ ചാലിശേരി . മൈതാനങ്ങളിൽ കാൽപന്ത് കളിയെ പ്രണയിച്ചത് പോലെ കുഞ്ഞുന്നാളിൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്ന ചെണ്ടമേളം ശാസ്‌ത്രീയമായി പഠിക്കുക എന്നത്.
കഴിഞ്ഞ 30 വർഷം പ്രവാസിയായ സ്റ്റീഫൻ ലീവിന് നാട്ടിൽ വരുന്ന അവസരങ്ങളിൽ ചെണ്ടയിൽ സ്വയം പരിശീലനം നടത്തിയിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി വീട്ടിൽ പരിശീലനത്തിലായിരുന്നു. ചെണ്ടയുടെ ശബ്ദം പുറത്തേക്ക് പോകാതിരിക്കുവാൻ ചെണ്ടന്മേൽ നനഞ്ഞ തുണി ഇട്ടാണ് പരിശീലനം നടത്തിയിരുന്നത്. ചെണ്ടയിലെ ശ്രുതി, താളം എന്നിവ പഠിക്കാൻ ജനുവരിയിലാണ് കക്കാട് വാദ്യകലാക്ഷേത്രത്തിൽ ചേർന്ന് രാജപ്പൻ മാരാരുടെ ശിഷ്യണത്തിൽ പരിശീലനം തുടങ്ങിയത്.
ഞായറാഴ്ച അരങ്ങേറ്റംകുറിച്ച 17 പേരിൽ ഏറ്റവും സീനിയർ അംഗമായിരുന്നു അറുപത്കാരനായ സ്റ്റീഫൻ. ഞായറാഴ്ച ഗുരുദക്ഷിണ സമർപ്പണത്തിനുശേഷം കഴിഞ്ഞ ആറ് പതിറ്റാണ്ടായി മനസ്സിൽ സൂക്ഷിച്ച വാദ്യകലയെ ശുദ്ധമായ താള നിഷ്ഠയോടെയും പൂർണ്ണ സമർപ്പണത്തോടെയും പഞ്ചാരിമേളത്തിൽ പങ്കെടുത്തു. ഒന്നേകാൽ മണിക്കൂർ നേരം സ്റ്റീഫൻ 96 അക്ഷരകാലത്തിൽ നിന്ന് തുടങ്ങി ആറ് അക്ഷരകാലം വരെയാണ് കൊട്ടി തിമർത്തത്.വലംതല , ഇടംതല ,കുറുംകുഴൽ , ഇലത്താളം ,കൊമ്പ് എന്നിവയിൽ എഴുപത്തോളം വാദ്യ
കാലകാരന്മാരാർ അരങ്ങേറ്റത്തിൽ അണിനിരന്നു.
കാൽപന്ത് കളിയിൽ പുതിയ തലമുറയെ വാർത്തെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ഇദ്ദേഹം എഫ്സി കേരള തൃശൂരിൻ്റെ മുൻ മാനേജർ ,ചാലിശേരി മാർവ്വൽ ഫുട്ബോൾ ക്ലബ്ബിന്റെ കോച്ച് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അരങ്ങേറ്റം കാണുവാൻ നിരവധി കായിക പ്രേമികൾ എത്തിയിരുന്നു. ഭാര്യ:സുനിത ഭാര്യ. മക്കൾ: സാന്ദ്ര , സെഡ്രിക് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..