15 November Friday

സ്റ്റിങ് ഓപ്പറേഷൻ 
സ്വകാര്യതയെ ബാധിക്കരുത്‌ ; മാധ്യമപ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി

നിയമകാര്യ ലേഖികUpdated: Wednesday Jul 17, 2024


കൊച്ചി
മാധ്യമങ്ങളുടെ സ്റ്റിങ് ഓപ്പറേഷൻ (ഒളികാമറ) സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടി ആവശ്യമില്ലെന്ന് ഹെെക്കോടതി. ജയിലിൽ കയറി തടവുകാരന്റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ച രണ്ടു മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. സത്യം കണ്ടെത്താനും ജനങ്ങളെ അറിയിക്കാനും വേണ്ടിയായിരിക്കണം ഈ പ്രവർത്തനമെന്നും ആരെയും അപമാനിക്കാനോ ദ്രോഹിക്കാനോ ആകരുതെന്നും കോടതി വ്യക്തമാക്കി.

ആരെയെങ്കിലും അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സ്റ്റിങ് ഓപ്പറേഷന് മാധ്യമങ്ങൾക്ക് നിയമപരിരക്ഷയില്ലെന്നും വാർത്തകളിലെ ചെറിയ പിഴവുപോലും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും മാധ്യമപ്രവർത്തകർ അതീവജാഗ്രത പുലർത്തണമെന്നും ഉത്തരവിലുണ്ട്‌. 2013ൽ സോളാർ കേസിൽ പത്തനംതിട്ട ജയിലിൽ തടവിലായിരുന്ന ജോപ്പന്റെ മൊഴി റെക്കോഡ് ചെയ്യാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന്റെ പ്രവർത്തകരായിരുന്ന പ്രദീപ്, പ്രശാന്ത് എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. ജയിലിൽ മൊഴി റെക്കോഡ് ചെയ്യുന്നത് തടഞ്ഞ ജീവനക്കാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. വാർത്ത ശേഖരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നും റെക്കോഡിങ് നടന്നിട്ടില്ലെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും കോടതി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top