12 December Thursday

വിദ്യാർഥികളെ തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കും: മന്ത്രി ഡോ. ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

തിരുവനന്തപുരം> വിദ്യാർഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി എക്സ്പീരിയൻഷ്യൽ ലേണിംഗ് പദ്ധതി നടപ്പാക്കിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിദ്യാർഥികൾ സാമൂഹിക വെല്ലുവിളികൾക്കുള്ള സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നുണ്ട്. കൃഷി, വ്യവസായ, ആരോഗ്യ മേഖലകളിൽ ഇതിനോടകം നിരവധി പരിഹാരമാർഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ ആയിരം പദ്ധതികളാണ് എൻജിനീയറിംഗ് വിദ്യാർഥികൾ ഏറ്റെടുത്തിട്ടുള്ളത്. നാടിന്റെ മുന്നേറ്റത്തിലേക്ക് നയിക്കുന്നവയാണവ. വിദ്യാഭ്യാസ മേഖലയിലെ മൂന്നേറ്റത്തിലൂടെ ലോകം ഉറ്റുനോക്കുന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായ നവ വൈജ്ഞാനിക കേരളം സമ്പൂർണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടണം.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആറായിരം കോടിരൂപ ചിലവഴിച്ചിട്ടുണ്ട്.  രണ്ടായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ കലാലയങ്ങളിൽ നടന്നു. രണ്ട് അക്കാദമിക് ബ്ലോക്കുകൾ,  ലബോറട്ടറി ബ്ലോക്ക്,  17 സ്മാർട് ക്ലാസ് റൂമുകൾ,  ലാബുകളുടെ നവീകരണം, ചുറ്റുമതിൽ നിർമാണം, മാലിന്യനിർമാർജന പദ്ധതി തുടങ്ങിയവക്കായി കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ 38 കോടി രൂപയാണ് വട്ടിയൂർക്കാവ് പോളിടെക്നിക്കിനായി സർക്കാർ ചിലവിട്ടത്. പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്റർലോക്ക് ടൈലുകൾ പാകിയ ഫ്ളോറും മേൽക്കൂരയും ക്രമീകരിക്കുന്നതിന് സർക്കാർ പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിന് എൻബിഎ, ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി പ്രവർത്തിച്ച  ഉദ്യോഗസ്ഥർക്ക് മന്ത്രി പ്രശംസാപത്രം സമ്മാനിച്ചു.

അഡ്വ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അജയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രിഡ ചെയർമാൻ കെ സി വിക്രമൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ സീമ കെ എൻ, പ്രിൻസിപ്പൽ ബീന എൽ എസ്, വിവിധ വകുപ്പ് തലവൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top