22 December Sunday

സുബല പാർക്കിന്റെ ആദ്യഘട്ടം ഉടൻ: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

പത്തനംതിട്ട > സുബല പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്നു മാസത്തിനുള്ളിലെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ പദ്ധതികളുടെ ജില്ലാതല അവലോകനത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഓൺലൈൻ യോഗങ്ങൾ നടത്താൻ നിർദ്ദേശം നൽകി. പ്രമോട്ടർമാരുടെ ഫീൽഡുതല പ്രവർത്തനം കൃത്യമായി പരിശോധിക്കണം. ഹോംസർവേ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. എംഎൽഎമാരും ജനപ്രതിനിധികളും മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിന്  ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ റിവ്യൂ മീറ്റിംഗ് നടത്തും.

ഓഫീസ് പ്രവർത്തനം വേഗത്തിലാക്കാൻ ഇ- ഓഫീസ് സംവിധാനം ഫീൽഡുതല ഓഫീസുകളിലും ഏർപ്പെടുത്തും. അംബേദ്‌കർ ഗ്രാമം പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർവഹണ ഏജൻസികളുടെ യോഗം മന്ത്രി തലത്തിൽ ചേരും. ഭരണാനുമതി ലഭിക്കുന്നതിലെ കാലതാമസം പരിശോധിക്കും. പ്രോജക്ടുകളുടെ സാങ്കേതിക പരിശോധനയ്ക്ക് ജില്ലാകലക്ടർ നാമനിർദ്ദേശം ചെയ്യുന്ന എഞ്ചിനിയറും പട്ടികജാതി പട്ടികവർഗ്ഗ ഓഫീസർമാരുമടങ്ങുന്ന സാങ്കേതിക സമിതികളെയും  നിയോഗിക്കും.

എല്ലാ ബ്ലോക്ക്തല ഉദ്യോഗസ്ഥരും പ്രീ മെട്രിക് ഹോസ്റ്റലുകൾ, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, നഴ്‌സറികൾ, സാമൂഹ്യ പഠനമുറികൾ കൃത്യമായി സന്ദർശിച്ച് മാസത്തിലൊരിക്കൽ വിലയിരുത്തൽ റിപ്പോർട്ട് നൽകണം. ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകും. പട്ടികവർഗ്ഗ വിഭാഗത്തിൽ പൂർണ്ണമായി ഭൂമിയും വീടും ഈ സാമ്പത്തിക വർഷം തന്നെ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.

കോർപ്പസ് ഫണ്ടിൽ നിന്ന് അനുമതി നൽകിയിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കും.
എല്ലാ നഗറുകളിലും റോഡ്, കുടിവെള്ളം, വൈദ്യുതി ലഭ്യമാക്കുന്നതിന് ശ്രദ്ധിക്കണം. സർക്കാർ സഹായങ്ങൾക്ക് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കുന്ന എബിസിഡി പദ്ധതിയുടെ പുരോഗതി വിലയിരുത്തണം. കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് തടയുന്നതിനുള്ള ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി കാര്യക്ഷമമായി  നടപ്പിലാക്കണം. പിഇടിസികളുടെ സേവനം ഓൺലൈനായി മണ്ഡലങ്ങളിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. വകുപ്പുകളുടെ കീഴിലുള്ള ഐടിഐകൾ മികച്ചതാക്കുമെന്നും മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ ഈ വർഷത്തെ പ്രവർത്തനത്തിൽ വിധവകൾക്കുളള സഹായം, സ്വയംതൊഴിൽ വായ്‌പ, വിദേശ ജോലികൾക്കുളള വായ്‌പ എന്നിവ വിപുലീകരിക്കും. പരിവർത്തിത ക്രൈസ്തവ മേഖലയിലേക്ക് കോർപ്പറേഷൻ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈ കൊള്ളുമെന്നും വ്യക്തമാക്കി.

ദുർബല വിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി  സ്വയം തൊഴിൽ പദ്ധതിയിലൂടെ  100 ശതമാനം സബ്സിഡി യോടുകൂടി ഓട്ടോറിക്ഷ വാങ്ങിയ മൂന്നുപേർക്കുള്ള താക്കോൽ ദാനവും നിർവഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുവേണ്ടി  ആവിഷ്ക്കരിക്കപ്പെട്ട സുബല പാർക്കിൻ്റെ   നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളണമെന്ന് അവലോകനയോഗത്തിൽ പങ്കെടുത്തു കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും അവലോകനത്തിൽ  ചർച്ച ചെയ്തു. റാന്നി എം എൽ എ പ്രമോദ് നാരായൺ, കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ,ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണൻ,  പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top