23 December Monday

കേരളത്തിലെ വിദ്യാഭ്യാസമേഖല മാതൃക: സുഭാഷിണി അലി

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

കൊല്ലം
കേരളത്തിലെ സർവകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഒരുക്കുന്ന സൗകര്യങ്ങൾ രാജ്യത്ത് വേറെവിടെയുമില്ലെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി. നീരാവിൽ നവോദയം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു. ഉത്തർപ്രദേശിൽ ഇരുപതിനായിരം സർക്കാർ സ്കൂളുകൾ പൂട്ടി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ നൽകാൻപോലും അവർ ശ്രമിക്കുന്നില്ല. പ്രശസ്തമായ പല കേന്ദ്ര സർവകലാശാലകളും വിദ്യാർഥികൾക്ക്‌ അടിസ്ഥാന അവസരങ്ങളും ഭൗതിക സാഹചര്യങ്ങളും പോലും ഉറപ്പാക്കാത്ത പരിതാപകരമായ അവസ്ഥയിലാണ്.

സിനിമയും നാടകവും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ എല്ലാംതന്നെ രാഷ്ട്രീയവുമായി ഇഴചേർന്ന് കിടക്കുന്നവയും കലാമേഖല വിവിധ ആശയങ്ങളുടെ പോരാട്ടഭൂമികയും കൂടിയാണ്. വിദ്യാഭ്യാസം പോരാട്ടങ്ങളിലെ അഭിവാജ്യ ഘടകമാണ്. ഭരണം നിയന്ത്രിക്കുന്നവർ എല്ലാക്കാലവും സാധാരണ ജനങ്ങളെ വായനയിൽനിന്നും അറിവിൽനിന്നും മാറ്റിനിർത്താൻ ശ്രമിച്ചിരുന്നു. ഇന്നും അതുതന്നെയാണ് രാജ്യത്ത് നടക്കുന്നത്. ഫോണിലൂടെയും ഇന്റർനെറ്റ് സഹായത്തോടെയും ലഭ്യമാകുന്ന കാര്യങ്ങൾ പലപ്പോഴും അസത്യങ്ങൾ കൂടി നിറഞ്ഞതാകുമ്പോഴും വായനശാലകളും പുസ്തകങ്ങളും വസ്തുതാപരമായ വിവരങ്ങൾ മാത്രം പങ്കുവയ്‌ക്കുന്നു.

ശാസ്ത്രപഠന വിഷയങ്ങളിൽ സംഘപരിവാർ ചരിത്രവിരുദ്ധമായതും അശാസ്ത്രീയവുമായ മാറ്റങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ, കേരളം ഇതിനെ ശക്തമായി പ്രതിരോധിക്കുകയും പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ നേട്ടങ്ങളെയും മുന്നേറ്റങ്ങളെയും കുറിച്ച് പാതിമലയാളി എന്നനിലയിൽ അഭിമാനത്തോടെയാണ് സംസാരിക്കുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top