21 November Thursday

കലവൂർ കൊലപാതകം ചുരുളഴിയുമ്പോൾ; ഫലം കണ്ടത്‌ മാസങ്ങളായുള്ള ശ്രമം

ഫെബിൻ ജോഷിUpdated: Saturday Sep 14, 2024

ആലപ്പുഴ > കലവൂരിൽ വയോധികയെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ ഫലം കണ്ടത്‌ പ്രതികളുടെ മാസങ്ങളായുള്ള ശ്രമം. കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊന്നുകുഴിച്ചിട്ടത്‌ ദീർഘനാളായുള്ള അടുപ്പം പോലും വകവെയ്‌ക്കാതെ. കേസിൽ എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ഷർമ്മിള (52), ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35), ഇയാളുടെ പിതൃസഹോദരന്റെ മകൻ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡ്‌ (61) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രതികൾ മൂന്ന്‌ പേരുംചേർന്ന്‌ തയ്യാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊന്നുകുഴിച്ചു മൂടിയെന്നാണ്‌ കേസ്‌. റെയ്നോൾഡിന്‌ കൊലപാതകത്തിൽ നേരിട്ട്‌ പങ്കില്ല. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌. ആലപ്പുഴ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി പ്രതികളെ റിമാൻഡ്‌ ചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിന്‌ 18ന്‌ അപേക്ഷ നൽകുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എം പി മോഹനചന്ദ്രൻ പറഞ്ഞു.

രണ്ട്‌ മാസം മുമ്പും കവർച്ചശ്രമം

രണ്ട്‌ മാസം മുമ്പും കടവന്ത്രയിലെ വീട്ടിൽവച്ച്‌ സുഭദ്രയെ കൊലപ്പെടുത്താൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിലാണ്‌ ഇതുസംബന്ധിച്ച വിവരം കിട്ടിയത്‌. സുഭദ്ര തനിച്ച്‌ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിൽ ഈ ലക്ഷ്യവുമായി ഷർമിളയും മാത്യൂസും എത്തിയിരുന്നു. ആഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യം.  പിന്നീടാണ്‌ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത്‌ എത്തിച്ച്‌ കൊലപാതകം നടത്താൻ പദ്ധതിയിട്ടത്‌.  കവർച്ചയ്‌ക്കും കൊലയ്‌ക്കും കടവന്ത്രയിലെ സുഭദ്രയുടെ വീടിനേക്കാൾ സൗകര്യം കലവൂരിലെ വാടക വീട്ടിലാണെന്ന്‌ മനസിലാക്കിയാണ്‌ ഇവിടേക്ക്‌ വിളിച്ചുവരുത്തുന്നത്‌. 2016 മുതലുള്ള അടുത്ത ബന്ധവും മുമ്പ്‌ പലതവണ കലവൂരിലെ വീട്ടിലെത്തിയിട്ടുള്ളതും ഇവിടെവച്ച്‌ കൃത്യം നടപ്പാക്കാൻ പ്രതികൾക്ക്‌ കൂടുതൽ സൗകര്യമായി.  

കൊലപാതകം നടന്ന കലവൂരിലെ വീട്

കൊലപാതകം നടന്ന കലവൂരിലെ വീട്



മകന്റെ മരുന്ന്‌ കൊലപാതകത്തിന്‌

സുഭദ്രയെ മയക്കിക്കിടത്താൻ റെയ്‌നോൾഡ്‌ നൽകിയത്‌ മകനായി വാങ്ങിയ മരുന്ന്‌. ഇത്‌ ചായയിൽ കലർത്തി നൽകിയാണ്‌ ആദ്യം മയക്കിക്കിടത്തിയത്‌. മകൻ വിഷാദരോഗത്തിന്‌ കഴിക്കുന്ന മരുന്നാണ്‌ ഇതിനായി ഉപയോഗിച്ചത്‌. കലവൂരിലെ വീട്ടിലെത്തിയ ആദ്യദിവസംതന്നെ സുഭദ്രയ്‌ക്ക്‌ മരുന്ന്‌ നൽകി. പിന്നീട്‌ രണ്ട്‌ ദിവസം പല സമയത്തായി ഈ ഗുളിക നൽകി. പാതി അബോധാവസ്ഥയിലായിരുന്നു കൊല്ലപ്പെടുന്നതിന്‌ മുമ്പുള്ള രണ്ടുദിവസവും സുഭദ്ര. രണ്ട്‌ ദിവസം അബോധാവസ്ഥയിലായിരുന്ന സുഭദ്ര കൈയിലും ശരീരത്തിലുമുണ്ടായിരുന്ന ആഭരണങ്ങൾ നഷ്‌ടമായെന്ന്‌ എഴിന്‌ രാവിലെയാണ്‌ മനസിലാക്കിയത്‌. തുടർന്ന്‌ ഇവ മടക്കിച്ചോദിച്ചതോടെയാണ്‌ കൊലപ്പെടുത്തിയത്‌.   

നിഷ്‌ഠൂരം കൊലപാതകം

കേസിൽ ഒന്നും രണ്ടും പ്രതികളായ ഷർമിളയും മാത്യൂസും ചേർന്ന്‌ സുഭദ്ര‌യെ കൊലപ്പെടുത്തിയത്‌ അതിക്രൂരമായാണ്‌. മൃതദേഹത്തോടും ക്രൂരതകാട്ടിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ചവിട്ടി താഴെയിട്ടു. കമഴ്‌ന്നുവീണ സുഭദ്രയുടെ കഴുത്തിലൂടെ ഷാളിട്ട് ഇരുവശങ്ങളിൽനിന്ന്‌ പ്രതികൾ ചേർന്ന്‌ വലിച്ചുപിടിച്ചു. പിടച്ചിൽ ഒഴിവാക്കാൻ നെഞ്ചിന്റെ ഇരുഭാഗത്തും ഇരുവരും ചവിട്ടിപ്പിടിച്ചു. ചവിട്ടേറ്റ്‌ സുഭദ്രയുടെ ഇരുഭാഗത്തെയും വാരിയെല്ലുകൾ ഒടിഞ്ഞു. കഴുത്തും ഒടിഞ്ഞു. കൂടാതെ തലയ്‌ക്കും പരിക്കേറ്റിരുന്നു. കൊലപ്പെടുത്തുന്നതിനു മുമ്പ്‌ പ്രതികൾ വയോധികയെ ക്രൂരമായി മർദിച്ചു. കൈകാലുകൾ ഒടിച്ചു. കൊലപ്പെടുത്തിയശേഷം ഇടതുകൈ പിന്നിലേക്ക്‌ വലിച്ചൊടിച്ചതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.

മണിക്കൂറുകൾ മൃതദേഹത്തിന്‌ കാവൽ

2016ലാണ്‌ സുഭദ്രയെ ശർമിള എറണാകുളത്തുവച്ച്‌ പരിചയപ്പെടുന്നത്‌. എട്ടുവർഷത്തോളം അടുത്തബന്ധം സൂക്ഷിച്ചു. നാലുവർഷമായി മാത്യൂസിനെയും സുഭദ്രയ്‌ക്ക്‌ പരിചയമുണ്ട്‌. എന്നിട്ടും കൊല്ലാനും മൃതദേഹം വീട്ടിൽ ഒളിപ്പിച്ച്‌ മണിക്കൂറുകളോളം കാവലിരിക്കാനും ഇരുവർക്കും മടിയുണ്ടായില്ല. പകൽ പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരുന്നു സുഭദ്രയുടെ കൊലപാതകം. മാലിന്യം മൂടാനെന്ന വ്യാജേന രാത്രി മേസ്തിരി അജയനെ വിളിച്ചുവരുത്തിയ ഇവർ അദ്ദേഹം മടങ്ങിയശേഷം രാത്രി പത്തിനാണ്‌ മൃതദേഹം കുഴിച്ചുമൂടുന്നത്‌.


‘മായ’ വഴികാട്ടി

കൊച്ചി കടവന്ത്രയിൽനിന്ന് ഒരു മാസം മുമ്പ്‌ കാണാതായ സുഭദ്രയുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത്‌ കേരള പൊലീസിന്റെ അഭിമാനമായ "മായ' എന്ന പൊലീസ്‌ നായ. മാത്യൂസും ശർമിളയും താമസിച്ച വീടിനോട്‌ ചേർന്ന്‌ കുഴിയെടുത്തിരുന്നുവെന്ന്‌ പ്രദേശവാസികളും കുഴിയെടുത്ത തൊഴിലാളിയും പൊലീസിനോട്‌ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ്‌ തിങ്കളാഴ്ച കൊച്ചി സിറ്റി പൊലീസിന്റെ  കഡാവർ (ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച) നായയായ മായയുമായി എത്തിയതും കൃത്യം കുഴിയെടുത്ത സ്ഥലം കണ്ടെത്തുന്നതും. 2020 മാർച്ചിലാണ്‌ മായ സേനയിൽ ചേർന്നത്‌. ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ബെൽജിയം മലിനോയിസ്‌ എന്ന ഇനത്തിൽപ്പെട്ടതാണ് മായയും. ചൂരൽമലയിലെയും മുണ്ടക്കയത്തെയും ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്‌ സഹായിച്ചിരുന്നു.

കൊച്ചി സിറ്റി പൊലീസിന്റെ കഡാവർ നായ മായ

കൊച്ചി സിറ്റി പൊലീസിന്റെ കഡാവർ നായ മായ



പ്രതികളെ പിന്തുടർന്ന്‌ ഉഡുപ്പിയിൽ

അമ്മയെ കാണാനില്ലെന്ന സുഭദ്രയുടെ മകൻ രാധകൃഷ്‌ണന്റെ പരാതിയിൽ കടവന്ത്ര പൊലീസ്‌ ശർമിളയെ ബന്ധപ്പെട്ടതോടെയാണ്‌ ഇരുവരും ആഗസ്‌തിൽ ഒളിവിൽ പോകുന്നത്‌. അന്വേഷണം നടക്കുന്നതിനിടെ പലകുറി ഉഡുപ്പിയിൽനിന്ന്‌ രഹസ്യമായി എറണാകുളത്തും ആലപ്പുഴയിലും പ്രതികളെത്തി. ആഗസ്‌ത്‌ അവസാനം ആലപ്പുഴയിലെത്തി മടങ്ങിയ പ്രതികൾ വാടകവീട്ടിൽനിന്ന്‌ മൃതദേഹം കണ്ടെടുക്കുമ്പോൾ എറണാകുളത്ത്‌ ഒളിവിലായിരുന്നു. ഇതേക്കുറിച്ച്‌ വാർത്ത വന്നതോടെ കോഴിക്കോടിനും പിന്നീട്‌ മംഗലാപുരത്തുമെത്തി; അവിടെനിന്ന്‌ ഉഡുപ്പിയിലും. ഈസമയം ആലപ്പുഴയിൽ നിന്നുള്ള പൊലീസിന്റെ പ്രത്യേകസംഘവും ഇരുവർക്കുമായി ഉഡുപ്പിയിലേക്കുള്ള യാത്രയിലായിരുന്നു. പ്രതികൾ ബസിലും പൊലീസ്‌ സംഘം ഇന്നോവ കാറിലും.

ഉഡുപ്പി സ്‌റ്റാൻഡിൽ എത്തുന്നതിനിടെ പാതിവഴിയിലിറങ്ങിയ പ്രതികൾ പകൽ 11.30ഓടെ നേരെ എത്തുന്നത്‌ സുഹൃത്തിന്റെ വീട്ടിലേക്ക്‌. അധ്യാപികയായിരുന്ന ഇവർ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെത്തു. ഉടൻ നാട്ടിലേക്ക്‌ മടക്കം. 20 മണിക്കൂറോളം തുടർച്ചയായി യാത്ര ചെയ്‌താണ്‌ പൊലീസ്‌ സംഘം വെള്ളി പകൽ ഒമ്പതോടെ ആലപ്പുഴയിൽ എത്തുന്നത്‌.

പ്രതികൾ വൈദ്യപരിശോധനയ്ക്കിടെ

പ്രതികൾ വൈദ്യപരിശോധനയ്ക്കിടെ



നിർണായകമായത്‌ പഴയ നമ്പർ

പ്രതികളിലേയ്‌ക്കെത്തുന്നതിൽ നിർണായകമായത്‌ പൊലീസിന്റെ പ്രത്യേക അന്വേഷക സംഘത്തിന്‌ ലഭിച്ച പഴയ നമ്പറാണ്. ഒളിവിൽ പോകുംമുമ്പ്‌ ഫോൺ ഉപേക്ഷിച്ച പ്രതികൾ പിന്നീട്‌ ഉപയോഗിച്ചത്‌ പഴയ നമ്പറായിരുന്നു. രണ്ടുവർഷം മുമ്പ്‌ എറണാകുളത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന സമയത്ത്‌ ഉപയോഗിച്ച നമ്പർ അന്വേഷണത്തിനിടെയാണ്‌ പൊലീസിന്‌ ലഭിച്ചത്‌. എറണാകുളത്തെ വീട്ടുടമസ്ഥനും പഴയ പരിചയക്കാർക്കും നൽകിയിരുന്നത്‌ ഈ നമ്പരാണ്‌. തുടർന്ന്‌ ഈ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ്‌ പൊലീസിനെ പ്രതികളിലേക്ക്‌ വഴിനടത്തിയത്‌.

ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രനാണ്‌ അന്വേഷണത്തിന്‌ മേൽനോട്ടം വഹിച്ചത്‌. ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി എസ്‌എച്ച്‌ഒ എം കെ രാജേഷ്, പ്രിൻസിപ്പൽ എസ്ഐ കെ ആർ ബിജു, എസ്ഐമാരായ ടി ഡി നെവിൻ, ആർ മോഹൻകുമാർ, എ സുധീർ, സജികുമാർ, ആർ രാജേഷ്, എഎസ്ഐ യു ഉല്ലാസ്, എസ്‌സിപിഒമാരായ കെ എസ് ഷൈജു, വിപിൻദാസ്, സിപിഒമാരായ ആർ ശ്യാം, വിഷ്ണു, ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top