24 November Sunday

കലവൂരിലേത്‌ ക്രൂര കൊലപാതകം ; വയോധികയുടെ കൈകാലുകൾ 
ഒടിച്ചു; വാരിയെല്ലുകൾ തകർത്തു

സ്വന്തം ലേഖകൻUpdated: Thursday Sep 12, 2024

സുഭദ്രയും ശർമിളയും ഒന്നിച്ചുപോകുന്നതിന്റെ സിസിടിവി ദൃശ്യം


ആലപ്പുഴ
കലവൂർ കോർത്തുശേരിയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ചാണ്‌ കൊലപ്പെടുത്തിയതെന്ന്‌ പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമികവിവരം. വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്‌. കഴുത്ത്‌, വലതുകാൽ, കൈ എന്നിവ ഒടിഞ്ഞിരുന്നു.  ഇടതുകൈ ഒടിച്ച്‌ പിന്നിലേക്ക്‌ വലിച്ചുകെട്ടിയിരുന്നു. തലയിലേറ്റ പരിക്കാകാം മരണകാരണമെന്നാണ്‌ സൂചന. പ്രാഥമിക റിപ്പോർട്ട്‌ അന്വേഷകസംഘത്തിന്‌ ലഭിച്ചു.

എറണാകുളം സൗത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹമാണ്‌ കലവൂരിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ വാടകയ്‌ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും ചേർന്നാണ്‌ കൊലപാതകം നടത്തിയതെന്നാണ്‌ പൊലീസ്‌ നിഗമനം. ഇവർ ഉഡുപ്പിക്കടുത്തുണ്ടെന്ന്‌ വിവരം ലഭിച്ചു. പ്രത്യേകസംഘം രൂപീകരിച്ചാണ്‌ തെരച്ചിൽ. സുഭദ്രയുടെ ആഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വച്ചതായും കണ്ടെത്തി.

കൊലപാതകം ദമ്പതികൾ മുൻകൂട്ടി ആസൂത്രണം ചെയ്‌തിരുന്നതായി പൊലീസ്‌ സംശയിക്കുന്നു. കൊലയ്‌ക്ക്‌ മുമ്പുതന്നെ മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്തു. ആഗസ്‌ത്‌ ഏഴിന്‌ അവിടെ സുഭദ്രയെ കണ്ടതായി കുഴിയെടുക്കാൻ എത്തിയ ആളുടെ മൊഴിയുണ്ട്‌.  ആഴം പോരെന്നുപറഞ്ഞ്‌ വീണ്ടും കുഴിപ്പിച്ചതായും ഇയാൾ പൊലീസിനോട്‌ പറഞ്ഞു. ഒമ്പതിന്‌ വീടുവിട്ട ദമ്പതികൾ മാസാവസാനവും ഇവിടെ എത്തി. സുഭദ്രയെ അറിയാമെന്നും ആന്റി എന്നാണ്‌ ശർമിള ഇവരെ പരിചയപ്പെടുത്തിയിരുന്നതെന്നും മാത്യൂസിന്റെ കുടുംബാംഗങ്ങൾ പറയുന്നു. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ  വഴക്കുണ്ടായിട്ടുണ്ടെന്നും  പറയുന്നു.

ആഗസ്‌ത്‌ നാലുമുതലാണ്‌ സുഭദ്രയെ കാണാതായത്‌. മകൻ രാധാകൃഷ്‌ണൻ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയാണ്‌ വഴിത്തിരിവായത്‌. മൊബൈൽഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂരിൽ വന്നതായി കണ്ടെത്തി. ശർമിളയോടൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടർന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

സുഭദ്രയുടെ മൃതദേഹം 
സംസ്‌കരിച്ചു
ആലപ്പുഴ കലവൂരിൽ കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തിയ എറണാകുളം സൗത്ത് കരിത്തല റോഡ് ശിവകൃപയിൽ സുഭദ്ര (73)യുടെ മൃതദേഹം സംസ്‌കരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം മക്കളായ രാജീവും രാധാകൃഷ്‌ണനും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന്‌ വൈകിട്ടോടെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം.  

ആഗസ്‌ത്‌ നാലിനാണ്‌ സുഭദ്രയെ കാണാതായത്‌. ചൊവ്വ വൈകിട്ടാണ്‌ മാരാരിക്കുളം തെക്ക് പഞ്ചായത്ത് കോർത്തുശേരി ക്ഷേത്രത്തിനുസമീപത്തെ വീടിനുപിന്നിൽ കുഴിച്ചിട്ടിരുന്ന സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്‌. ഇവിടെ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌ (നിധിൻ–-33), ഉടുപ്പി സ്വദേശി ശർമിള (30) എന്നിവരെ പൊലീസ്‌ തിരയുകയാണ്‌.


വഴി തെളിച്ചത്‌ സിസിടിവി
സുഭദ്രയുടെ കൊലപാതക കേസിൽ നിർണായകമായത്‌ സിസിടിവി ദൃശ്യം. കാണാതായ ആഗസ്‌ത്‌ നാലിന്‌ പകൽ മൂന്നിന് എറണാകുളം സൗത്ത് കരിത്തല റോഡിലൂടെ ഇവർ സുഹൃത്ത് ശർമിളയ്‌ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചിരുന്നു. അന്വേഷണത്തിൽ സമീപവാസികൾ ശർമിളയെയും സുഭദ്രയെയും തിരിച്ചറിഞ്ഞു. ഇതോടെയാണ്‌ അന്വേഷണം ശർമിളയിലേക്കും ഭർത്താവിലേക്കും തിരിഞ്ഞത്‌. എറണാകുളം സൗത്ത്‌ കരിത്തല റോഡ്‌ ‘ശിവകൃപ' വീട്ടിൽ 15 വർഷത്തോളം ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള  യാത്രയ്ക്കുശേഷം വിശേഷങ്ങൾ നാട്ടുകാരോടും പരിചയക്കാരോടും പങ്കുവയ്‌ക്കാറുണ്ടായിരുന്നു. അതിനാൽ   എല്ലാവരും കരുതിയത് തീർഥാടനത്തിലായിരിക്കുമെന്നാണ്.

ഒരു തീർഥാടനയാത്രയ്‌ക്കിടെയാണ് ശർമിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് ആ സുഹൃദ്ബന്ധം ദൃഢമായി. ശർമിള ഇടയ്ക്ക് സുഭദ്രയുടെ വീട്ടിൽ വന്ന്‌ താമസിക്കും. സുഭദ്രയും ആലപ്പുഴയിൽ ശർമിളയുടെ വീട്ടിൽ പോയിരുന്നു. നേരത്തേ ശർമിളയും സുഹൃത്തും ചേർന്ന് കരിത്തല റോഡിനുസമീപം ഹോസ്റ്റൽ നടത്തിയിരുന്നു. ഇതിന്‌ സാമ്പത്തികസഹായം നൽകിയത് സുഭദ്രയായിരുന്നു. ഇതോടെയാണ് ശർമിളയ്‌ക്കൊപ്പമാണ് സുഭദ്ര പോയതെന്ന് പൊലീസ് ഉറപ്പിച്ചത്.

ചുരിദാർ ധരിച്ച്‌ സുഭദ്ര, 
കണ്ടത്‌ സിസിടിവി ദൃശ്യത്തിൽ
കേസ്‌ അന്വേഷിച്ച കടവന്ത്ര പൊലീസ്‌, സുഭദ്ര ഒരു സ്‌ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യത്തിന്റെ ചിത്രം കാണിച്ചിരുന്നുവെന്ന്‌ ഷീബയുടെ സഹോദരന്റെ ഭാര്യ ബീന സുമേഷ്‌. അത്‌ കേസിൽ പൊലീസ്‌ പ്രതിയെന്ന്‌ സംശയിക്കുന്ന മംഗലാപുരം സ്വദേശിനി ശർമിളയാണെന്ന്‌ തിരിച്ചറിഞ്ഞു. സുഭദ്ര സാധാരണ സാരിയാണ്‌ ധരിക്കാറുള്ളത്‌. എന്നാൽ, ആ ഫോട്ടോയിൽ ചുരിദാറായിരുന്നു. ആദ്യമായാണ്‌ അവരെ ചുരിദാർ ധരിച്ച്‌ കാണുന്നതെന്നും ബീന പറഞ്ഞു.

പലിശയ്‌ക്ക്‌ പണം നൽകും, 
ഒന്നും തുറന്നുപറയില്ല
പതിനായിരംമുതൽ ലക്ഷങ്ങൾവരെ സുഭദ്ര പലിശയ്‌ക്ക്‌ പണം നൽകിയിരുന്നുവെന്ന്‌ സമീപവാസികൾ. കൂടുതലും കച്ചവടക്കാർക്കാണ്‌ നൽകിയിരുന്നത്‌. ഇവരിൽനിന്ന്‌ ദിവസപ്പലിശ വാങ്ങിയിരുന്നു. എറണാകുളം സൗത്തിലെയും തൃപ്പൂണിത്തുറയിലെയും കച്ചവടക്കാർക്ക്‌ പണം നൽകിയിരുന്നുവെന്നും പറയുന്നു.

സുഭദ്ര എന്നും വീട്ടിൽ വരാറുണ്ടെങ്കിലും ഒന്നും തുറന്നുപറയാറില്ലായിരുന്നുവെന്ന്‌ അയൽവാസി എറണാകുളം സൗത്ത്‌ കരിത്തല റോഡ്‌ മണികണ്‌ഠൻതുരുത്തിൽ ഷീബ പറഞ്ഞു. 18 വർഷത്തിലേറെ സുഭദ്രയെ പരിചയമുണ്ട്‌. അവർ ഒറ്റയ്‌ക്കായിരുന്നു താമസമെന്നതിനാൽ രണ്ടുദിവസമായിട്ടും കണ്ടില്ലെങ്കിൽ താൻ അന്വേഷിക്കും. എന്നാൽ, എവിടെ പോയതാണെന്ന്‌ പലപ്പോഴും  പറയാറില്ല. ഗുരുവായൂർ ക്ഷേത്രത്തിലും കോട്ടയം ചെറുവള്ളി ജഡ്‌ജിയമ്മാവൻ കോവിലിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിലും സ്ഥിരമായി പോയിരുന്നു. മടങ്ങിയെത്തുമ്പോൾ എല്ലാം വിശദീകരിക്കും. ആരുവിളിച്ചാലും ക്ഷേത്രദർശനത്തിന്‌ പോകും. ഇങ്ങനെ പരിചയമില്ലാത്തവരുമായി പോകരുതെന്ന്‌ ഉപദേശിച്ചിരുന്നുവെന്നും ഷീബ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top