25 December Wednesday

ആശ്വാസത്തിന്റെ ക്രിസ്‌മസ്‌ ; സർക്കാർ ഇടപെടൽ ഫലപ്രദം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024


തിരുവനന്തപുരം
ക്രിസ്‌മസ്‌–- പുതുവത്സരം പ്രമാണിച്ച്‌ പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ടുള്ള സർക്കാർ ഇടപെടൽ ഫലപ്രദം. വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിച്ചതോടെ സപ്ലൈകോയിലേക്കും കൺസ്യൂമർഫെഡിന്റെ ത്രിവേണി വിൽപനശാലകളിലേക്കും ജനങ്ങളുടെ ഒഴുക്ക്‌.

സിവിൽ സപ്ലൈസ്‌ കോർപറേഷൻ മാവേലി സ്‌റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിങ്ങനെ 1631 വിൽപനശാലകൾക്കു പുറമേ ആറു കേന്ദ്രങ്ങളിൽ പ്രത്യേക വിപണനമേളയും ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണിത്‌. രാവിലെ മുതൽ രാത്രിവരെ ഇവിടെ വൻ തിരക്കാണ്‌. രണ്ടുദിവസംകൊണ്ട്‌ 40 ലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടായതായി സപ്ലൈകോ അധികൃതർ പറഞ്ഞു. 

പൊതുവിപണിയേക്കാൾ വമ്പൻ വിലക്കുറവിൽ 13 ഇനം സബ്സിഡി ഉൽപന്നങ്ങൾ ലഭ്യമാകുന്നത്‌ ജനങ്ങൾക്ക്‌ ആശ്വാസമാണ്‌. മറ്റു ഉൽപന്നങ്ങൾക്ക്‌ അഞ്ചുമുതൽ 40 ശതമാനം വിലക്കുറവുണ്ട്‌. വൻകിട കമ്പനികളുമായി ധാരണയിലെത്തി ബ്രാൻഡഡ് ഉൽപന്നങ്ങളും വിലകുറച്ച്‌ നൽകുന്നു. നിലവിലെ കുറഞ്ഞവിലയിൽനിന്ന്‌ 10 ശതമാനംവരെ കുറച്ച്‌ കിട്ടുന്ന പകൽ രണ്ടുമുതൽ നാലുവരെയുള്ള ഫ്ലാഷ് സെയിലും ആകർഷിക്കുന്നു. പൊതുവിപണിയിലെ പൊള്ളിക്കുന്ന സവാള, ചെറിയ ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയും ആശ്വാസവിലയ്‌ക്ക്‌ ലഭ്യമായി. അവധി ദിവസമുൾപെടെ സപ്ലൈകോ വിൽപനശാലകൾ പ്രവർത്തിക്കും.

കൺസ്യൂമർ ഫെഡ്‌ 156 ത്രിവേണി മാർക്കറ്റും 14 ജില്ലാ മേളയും കോട്ടയത്ത്‌ സംസ്ഥാന മേളയും ഒരുക്കിയതും വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചു. സബ്‌സിഡി സാധനങ്ങൾക്കു പുറമേ പൊതുവിപണിയിലേതിനേക്കാൾ കുറവിൽ എല്ലാവിധ ഉൽപന്നങ്ങളും ലഭ്യമാണ്‌. ഇവ ജനുവരി രണ്ടുവരെ പ്രവർത്തിക്കും.
കുടുംബശ്രീയുടെ ഫെയറുകളും വിപണിയിൽ ആശ്വാസമായി. കാസർകോട്ട്‌ രണ്ടെണ്ണമുൾപ്പെ ടെ 15 ജില്ലാ മേളയ്‌ക്കും പുറമേ സിഡിഎസ്‌ തലങ്ങളിലും മേള നടത്തുന്നു. എല്ലായിടത്തും കേക്ക്‌ ഫെസ്‌റ്റുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top