22 December Sunday

വിപണിയിലെ മാതൃകാ 
ഇടപെടൽ കേരളത്തിൽ : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024


തിരുവനന്തപുരം
രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവമായി കാണുന്നില്ല. എന്നാൽ, ബദൽ മാതൃക തീർത്താണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. ജൂണിൽ പുറത്തുവന്ന കണക്കിൽ രാജ്യത്ത്‌ പണപ്പെരുപ്പം അഞ്ചു ശതമാനമാണ്‌ വർധിച്ചത്‌. വിലക്കയറ്റം 9.4 ശതമാനവും. തുടർച്ചയായ എട്ടാം മാസവും ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം എട്ടു ശതമാനവും പച്ചക്കറി വിലക്കയറ്റം 30 ശതമാനവും കൂടുതലാണ്‌. പത്തു വർഷത്തിനിടെ പന്ത്രണ്ടു തവണ ഇന്ധനനികുതി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി പേരിനു മാത്രമായി. കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചു. പൊതുവിതരണ അടങ്കലിൽ 9000 കോടി കുറച്ചു.

ഈ സാഹചര്യത്തിലാണ്‌ കേരളം ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ ഓണക്കാലത്ത്‌ സപ്ലൈകോ വഴിയുള്ള ഇടപെടൽ. പതിമൂന്ന്‌ ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിലും ഇരുനൂറിൽ പരം പ്രധാന ബ്രാൻഡുകളുടെ ഉൽപ്പന്നം 45 ശതമാനം വിലക്കുറവിലുമാണ്‌ സപ്ലൈകോ വഴി നൽകുന്നത്‌.

വയനാട്ടിലെ ദുരന്ത സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമാണ്‌ മാറ്റിവച്ചത്‌. മറ്റ്‌ ആഘോഷങ്ങൾക്കൊന്നും വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഇ കെ നായനാർ പാർക്കിലെ ഓണച്ചന്തയിൽ നടന്ന പരിപാടിയിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആന്റണിരാജു എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു, മാങ്കോട്‌ രാധാകൃഷ്‌ണൻ, സപ്ലൈകോ സിഎംഡി പി ബി നൂഹ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top