22 December Sunday

ആട്ടയ്‌ക്കെതിരെ വ്യാജപ്രചാരണം :
 സപ്ലൈകോ നിയമനടപടിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


കൊച്ചി
സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) റേഷൻ കടവഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ട ഗുണനിലവാരം ഇല്ലാത്തതാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി എം ജോസഫ് സജു. വ്യാജപ്രചാരണം അടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ടവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരുവർഷംമുമ്പ് വീഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നൽകിയിരുന്നു. വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് കോർപറേഷൻ വിജിലൻസ് വിങ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ എൻ പി രാജേഷ് കടവന്ത്ര പൊലീസിൽ പരാതി നൽകി. ഉപയോഗിച്ചശേഷം പാക്കറ്റിൽ ബാക്കിയായി സൂക്ഷിച്ച ആട്ട അരിച്ചെടുത്ത് അതിൽ പുഴുക്കളെ കണ്ടെത്തിയതായാണ് വീഡിയോയിൽ ആരോപിക്കുന്നത്. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചിലെ ആട്ട പാക്കറ്റുകൾ പരിശോധിക്കുകയും ഗുണനിലവാരത്തിൽ കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതാണ്.
വീഡിയോയിലെ ആട്ടയുടെ കവറിൽ 2023 ഏപ്രിലിൽ തയ്യാറാക്കിയതെന്നുണ്ട്. എന്നാൽ, കവർ പൊട്ടിച്ച് ഉപയോഗിക്കാൻ തുടങ്ങിയ തീയതി പറയുന്നില്ല.

പൊട്ടിച്ചശേഷം ബാക്കിയുള്ളത്‌ കേടുവരാത്തവിധമാണോ സൂക്ഷിച്ചതെന്നതും അവ്യക്തമാണ്. ഉൽപ്പന്നത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വാങ്ങിയ ഔട്ട്‌‌ലെറ്റിലോ സമീപത്തുള്ള ഡിപ്പോയിലോ റീജണൽ ഓഫീസുകളിലോ അറിയിച്ചാൽ പരിഹാരം കാണുന്നതിന്‌ ക്രമീകരണമുണ്ട്. എന്നാൽ, വീഡിയോയിൽ കാണുന്ന പാക്കറ്റുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. സപ്ലൈകോയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഓഫീസർ പറഞ്ഞു. പിഡിഎസ് ആട്ട ലഭ്യമാക്കുന്നതിന് സപ്ലൈകോയുമായി കരാറിലുള്ള മില്ലുകൾ സ്വന്തം ലാബിലും എൻഎബിഎൽ അക്രഡിറ്റഡ് ലാബിലും പരിശോധിച്ചശേഷമാണ് വിതരണത്തിനെത്തിക്കുന്നത്.

സപ്ലൈകോ ഉൽപ്പന്നങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 0484–-2205165 എന്ന നമ്പറിലും  pio@supplycomail.com എന്ന ഇ–-മെയിലിലും അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top