തിരുവനന്തപുരം
വിലക്കയറ്റത്തിനിടെ ക്രിസ്മസ്, ന്യൂ ഇയർ വിപണിയിലേക്ക് മിതമായ നിരക്കിൽ സാധനങ്ങളെത്തിച്ച് സപ്ലൈകോ ചന്ത. പൊതുവിപണിയേക്കാൾ വൻ വിലക്കുറവിലാണ് സബ്സിഡി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പതിമൂന്നിനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലും ശബരി ഉൽപ്പന്നങ്ങൾ, മറ്റുൽപ്പന്നങ്ങൾ എന്നിവ 10 മുതൽ 20വരെ ശതമാനം വിലക്കുറവിലും ലഭിക്കും.
പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറും ഉണ്ട്. ഇതിനുപുറമെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനംവരെ വിലക്കുറവ് നൽകുന്ന ഫ്ലാഷ് സെയിലാണ് മറ്റൊരു പ്രത്യേകത. ദിവസവും പകൽ 2.30 മുതൽ വൈകിട്ട് നാലുവരെയാണ് ഫ്ലാഷ് സെയിൽ.
പൊതുവിപണിയിൽ പൊള്ളിക്കുന്ന സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയും ആശ്വാസവിലയ്ക്ക് എത്തിച്ചിട്ടുണ്ട്. ഒരു കിലോ സവാള 45 രൂപയ്ക്കും ചെറിയ ഉള്ളി 55 രൂപയ്ക്കും ഉരുളക്കിഴങ്ങ് 50 രൂപയ്ക്കും വെളുത്തുള്ളി 250 ഗ്രാം 75 രൂപയ്ക്കും ലഭ്യമാണ്. ജില്ലാ ആസ്ഥാനങ്ങളിൽ 30വരെയാണ് ചന്തകൾ സംഘടിപ്പിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..