13 November Wednesday

കെെയേറുന്നേ, മതില്‌ ചാടുന്നേ, കല്ല്‌ നാട്ടുന്നേ... കുട്ടയിലെറിഞ്ഞ് സുപ്രീംകോടതി

പ്രത്യേക ലേഖകൻUpdated: Tuesday Mar 29, 2022


തിരുവനന്തപുരം
സുപ്രീംകോടതി മാലിന്യക്കുട്ടയിൽ എറിഞ്ഞത്‌ പ്രതിപക്ഷ കൂട്ടുമുന്നണിയും മുഖ്യധാര മാധ്യമങ്ങളും സിൽവർ ലൈനിനെതിരെ രാപകലില്ലാതെ ആവർത്തിക്കുന്ന ജൽപ്പനങ്ങൾ. ഇതൊരു അഭിമാന പദ്ധതിയാണ്‌, തുടക്കത്തിലേ തലവെട്ടാൻ വെമ്പുന്നവർ നിരത്തുന്ന ഒരു വാദവും നിലനിൽക്കുന്നതല്ലെന്നും കോടതി ആവർത്തിച്ച്‌ വ്യക്തമാക്കി. സാമൂഹ്യാഘാത പഠനം മുളയിലേ തടയാൻ ശ്രമിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്  എന്ത്‌ അധികാരത്തിന്റെ പുറത്താണ്‌ അത്‌ ചെയ്തത്‌ എന്നുകൂടി ഡിവിഷൻ ബെഞ്ച്‌ ചോദിച്ചു. ജസ്റ്റിസ് ദേവൻരാമചന്ദ്രനായിരുന്നു ഉത്തരവിറക്കിയത്.

 

അക്രമ സമരത്തിലൂടെ സർവേ തടഞ്ഞ്‌ പ്രതിപക്ഷവും അവരെ സഹായിക്കുന്ന മാധ്യമങ്ങളും പറയുന്ന ന്യായങ്ങൾ തന്നെയാണ്‌ പരാതിക്കാർ കോടതിയിൽ നിരത്തിയത്‌. 2013ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരമുള്ള സർവേയല്ല, 1961 ലെ സർവേസ്‌ ആൻഡ്‌ ബൗണ്ടറീസ്‌ ആക്ട്‌ പ്രകാരമുള്ള ഏറ്റെടുക്കൽ നടപടികളാണ്‌ നടക്കുന്നത്‌ അതിനാൽ തടയണം എന്നായിരുന്നു പ്രധാനവാദം. സാമൂഹ്യാഘാത പഠനമല്ല പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പാണെന്നും പരാതിക്കാർ പറഞ്ഞു. ഈ വാദങ്ങളെ തള്ളിയ ജസ്‌റ്റിസ്‌ എം ആർ ഷാ, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ച്‌ വികസനപദ്ധതി തടയാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന്‌ സംശയരഹിതമായി പ്രസ്താവിച്ചു.

തഹസിൽദാർമാർ നിയമംലംഘിച്ച്‌ സ്ഥലത്തേക്ക്‌ പ്രവേശിക്കുന്നു, മതില്‌ ചാടി സംഘർഷമുണ്ടാക്കുന്നു, കെ റെയിൽ കല്ല്‌ നിയമവിരുദ്ധമായി സ്ഥാപിക്കുന്നു, സ്ഥലംകൈമാറ്റങ്ങൾ സ്തംഭിപ്പിക്കുന്നു എന്നീ വാദങ്ങളും പരാതിക്കാരുടെ അഭിഭാഷകർ നിരത്തി. ഇതെല്ലാം തള്ളിയ കോടതി ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി തുടരാമെന്ന്‌ വ്യക്തമാക്കി. അനാവശ്യ സമരക്കാർക്കും അതിനെ നുണബോംബുകൾകൊണ്ട്‌ സഹായിക്കുന്നവർക്കും മുഖത്തേറ്റ അടികൂടിയായി ഈ നിലപാട്‌.


ഭൂമി ഏറ്റെടുക്കും, ഇപ്പോഴല്ല ; സർക്കാർ ഉത്തരവ്‌ വ്യക്തം
സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ, സാമൂഹ്യാഘാതപഠനം എന്നിവയ്‌ക്കുള്ള ഉത്തരവിലെ സർക്കാർ നിലപാട്‌ വ്യക്തം. സാമൂഹ്യാഘാത പഠനത്തിനും കേന്ദ്ര അനുമതിക്കും ശേഷമാകും സ്ഥലം ഏറ്റെടുക്കുക.  പ്രസിദ്ധീകരിച്ച അലൈൻമെന്റ്‌ പ്രകാരമാകും ഏറ്റെടുക്കൽ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന്‌ തെളിയിക്കുന്നതാണിത്‌. 2018ലെ ഉത്തരവിൽ ഭൂമി ഏറ്റെടുക്കുന്നത്‌ എവിടെ, എങ്ങനെ തുടങ്ങിയവ വ്യക്തമാണ്‌. സാമൂഹ്യാഘാതപഠനം, വിദഗ്ധസമിതി റിപ്പോർട്ട്‌, ഇതുപ്രകാരമുള്ള ഉത്തരവ്‌, ഉടമസ്ഥരുടെ ഹിയറിങ്‌, വിലനിശ്ചയിക്കൽ തുടങ്ങിയവയ്‌ക്ക്‌ ശേഷമാകും ഭൂമി ഏറ്റെടുക്കൽ.

ഇപ്പോൾ കല്ലിടുന്നത്‌ സാമൂഹ്യാഘാതപഠനത്തിന്‌ മാത്രമാണെന്ന്‌ വ്യക്തമാക്കി 2021 ആഗസ്തിൽ വീണ്ടും സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവടക്കം പരിശോധിച്ചാണ്‌ ഹൈക്കോടതി അനുമതി. ഇത്‌ സുപ്രീംകോടതിയും ശരിവച്ചു. കേന്ദ്ര ധനമന്ത്രാലയം, റെയിൽവേ ബോർഡ്‌ കത്ത്‌, ഡിപിആർ അംഗീകരിച്ച സംസ്ഥാന സർക്കാർ ഉത്തരവ്‌ എന്നിവ പ്രകാരം ഭൂമി ഏറ്റെടുക്കാൻ കെ റെയിലിന്‌ അനുമതിയുണ്ട്‌. എന്നാൽ, കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കുശേഷം ഭൂമി ഏറ്റെടുത്താൽ മതിയെന്ന്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനിക്കുകയായിരുന്നു. പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം നൽകിയ കേന്ദ്ര ഉത്തരവിൽ നിക്ഷേപ പൂർവ നടപടിക്ക്‌ ധനമന്ത്രാലയ അനുമതിയുമുണ്ട്‌.

പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം നൽകിയ കേന്ദ്ര ഉത്തരവ്

പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം നൽകിയ കേന്ദ്ര ഉത്തരവ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top