23 December Monday

താൽക്കാലിക ജീവനക്കാർക്ക്‌ ആനുകൂല്യം നിഷേധിക്കരുത്

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2024

ന്യൂഡൽഹി
പതിറ്റാണ്ടുകൾ സർക്കാരിനെ സേവിച്ച താൽക്കാലിക ജീവനക്കാർക്ക്‌ സ്ഥിരംജീവനക്കാരെ പോലെതന്നെ തുല്യ ആനുകൂല്യവും സംരക്ഷണവും നൽകണമെന്ന്‌ സുപ്രീംകോടതി. മൂന്ന്‌ പതിറ്റാണ്ടിലേറെയായി സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സിന്റെ (എസ്‌എസ്‌എഫ്‌) സേവിങ്സ് സ്‌കീം ഡിപ്പോസിറ്റ്‌ (എസ്‌എസ്‌ഡി) കൈകാര്യം ചെയ്‌തിരുന്ന താൽക്കാലിക ജീവനക്കാർക്ക്‌ ആറാം ശമ്പളകമീഷൻ അനുസരിച്ചുള്ള ആനുകൂല്യം വിതരണം ചെയ്യണമെന്ന്‌ ഉത്തരവിട്ടാണ്‌ നിരീക്ഷണം.

എസ്‌എസ്‌ഡിയിൽ ജൂനിയർ അക്കൗണ്ടന്റ്‌, അക്കൗണ്ടന്റ്‌, യുഡിസി, എൽഡിസി തുടങ്ങിയ തസ്‌തികകളിൽ പ്രവർത്തിച്ച ജീവനക്കാർക്ക്‌ നാല്‌, അഞ്ച്‌ ശമ്പള കമീഷൻ അനുസരിച്ചുള്ള ആനുകൂല്യം അനുവദിച്ചിരുന്നു. എന്നാൽ, 2006 ജനുവരി ഒന്ന്‌ മുതൽ നടപ്പാക്കിയ ആറാം ശമ്പളകമീഷൻ ആനുകൂല്യം എസ്‌എസ്‌ഡി ജീവനക്കാർക്ക്‌ അനുവദിക്കാനാകില്ലെന്ന്‌ കേന്ദ്രസർക്കാർ നിലപാടെടുത്തു. 60 വയസിൽ വിരമിച്ച ജീവനക്കാർ പെൻഷൻ ആനുകൂല്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതനുവദിച്ചില്ല. വിരമിച്ച ജീവനക്കാരിൽ ചിലർ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിനെയും ഡൽഹി ഹൈക്കോടതിയെയും സമീച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

തുടർന്നാണ്‌ സുപ്രീംകോടതിയിലെത്തിയത്‌. ഔദ്യോഗികമായി താൽക്കാലിക ജീവനക്കാരായിരുന്നെങ്കിലും എസ്‌എസ്‌ഡി ജീവനക്കാരുടെ സേവനത്തിന്‌ സ്ഥിരം സർക്കാർ ജോലിയുടെ സ്വഭാവ സവിശേഷതകളാണ്‌ ഉണ്ടായിരുന്നതെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവർക്ക്‌ ആറാം ശമ്പളകമീഷൻ ശുപാർശചെയ്‌ത ആനുകൂല്യം വിതരണം ചെയ്യാനും നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top