തിരുവനന്തപുരം > നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ. കേരള സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള സുരാജിന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ 23 ന് വാമനപുരം എംഎൽഎ ഡി കെ മുരളി നിർവഹിക്കുകയും സുരാജ് ആ ചടങ്ങിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്‌തു.
ആ ചടങ്ങിൽ വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്‌ടറും പങ്കെടുത്തിരുന്നു. തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്‌ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. അതിനാൽ പൊലീസ് ഇൻസ്പെക്‌ടറും മറ്റു പൊലീസുകാരും ഇപ്പോൾ ഹോം ക്വാറൻ്റയിനിൽ ആണ്.
പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാൽ ഹോം ക്വാറൻ്റയിനിൽ തുടരുന്നതാണെന്ന് സുരാജ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നു. എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന് വിശ്വാസിക്കുന്നതായും സുരാജ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..