തൃശൂർ
സുരേഷ് ഗോപിയും ബിജെപി ജില്ലാ നേതൃത്വവും തമ്മിലുള്ള പോരിൽ വലഞ്ഞ് ജനങ്ങൾ. വിജയിച്ച് മൂന്ന് മാസമാകുമ്പോഴും മണ്ഡലത്തിൽ എംപിയുടെ ക്യാമ്പ് ഓഫീസ് തുറക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിയായതിനാൽ മണ്ഡലത്തിൽ എപ്പോഴും വരാൻ കഴിയില്ലെന്നാണ് ന്യായീകരണം. എംപിയോട് പറയാനുള്ളത് ബിജെപി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞാൽ മതിയെന്നാണ് നിലപാട്. അതേസമയം തങ്ങൾക്ക് ഇങ്ങനെയൊരു എംപി ഇല്ലെന്ന തരത്തിലാണ് നേതൃത്വം പെരുമാറുന്നത്. സുരേഷ് ഗോപി സ്ഥാനാർഥിയായത് മുതൽ ജില്ലാ നേതൃത്വവുമായി തുടങ്ങിയ ഏറ്റുമുട്ടൽ ദിനംപ്രതി രൂക്ഷമാകുകയാണ്.
ഓഫീസ് പ്രവർത്തിക്കാത്തതിനാൽ പരാതികളും അപേക്ഷയും നൽകാൻ കൃത്യമായ ഇടമില്ല. വല്ലപ്പോഴും പരിപാടികൾക്ക് വരുമ്പോൾ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും നെട്ടിശേരിയിലെ വീട്ടിൽ കൊണ്ടുവന്ന് ഇടുകയാണ്. വിജയിച്ചശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് എംപി മണ്ഡലത്തിൽ എത്തിയത്.
ജൂലൈ ആദ്യം തൃശൂർ മണ്ഡലത്തിന് കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായപ്പോൾ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ല. ആഗസ്‌ത് 15ന് നഗരത്തിലെ ഹയാത്ത് ഹോട്ടലിലുണ്ടായിരുന്ന സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്ത് നടന്ന സർക്കാരിന്റെ സ്വാതന്ത്ര്യദിന പരിപാടിയിലും പങ്കെടുത്തില്ല. ജനപ്രതിനിധികൾക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ പ്രതിനിധിയെ അയയ്‌ക്കുകയാണ് രീതി. എന്നാൽ സുപ്രധാന യോഗങ്ങളിൽ പകരം ആളെ അയയ്‌ക്കാൻ പോലും സുരേഷ് ഗോപി തയ്യാറാകാറില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..