23 December Monday

സുരേഷ് ഗോപി 
ആംബുലൻസിലെത്തിയത് രാഷ്ട്രീയലക്ഷ്യത്തോടെ ; ഹൈക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ 
സത്യവാങ്‌മൂലം

സ്വന്തം ലേഖികUpdated: Wednesday Nov 20, 2024


കൊച്ചി
തൃശൂർ പൂരാഘോഷത്തിനിടെ ഗതാഗത നിയന്ത്രണമുള്ളിടത്ത് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലെത്തിയത്  രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന് ഹെെക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമാക്കാൻ  തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ബിജെപിയുമായി ഗൂഢാലോചന നടത്തി.  പൊലീസ് നിയന്ത്രണങ്ങളുടെ പേരിൽ തിരുവമ്പാടി വിഭാഗം ബഹിഷ്കരണ നീക്കം നടത്തിയത് ഇതിന്റെ ഭാഗമാണെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി ബിന്ദു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ്  നടത്തിയ അന്വേഷണത്തിന്റെയും ഘടക ക്ഷേത്രസമിതികളുമായി നടത്തിയ ചർച്ചയുടെയും റിപ്പോർട്ടും സമർപ്പിച്ചു. പൂരം അലങ്കോലമായതിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെടുന്ന ഹർജികളിലാണ് വിശദീകരണം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് ഹർജി ഡിസംബർ 12ന് വീണ്ടും പരിഗണിക്കും. 

തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുംവിധമാണ് തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഹർജിക്കാരനായ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ, കണ്ണൂരിലെ സംഘപരിവാർ പ്രവർത്തകൻ വൽസൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം ഈ സംശയം ബലപ്പെടുത്തുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ്ഗോപി പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടു. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്നും  കള്ളവാർത്തകൾ പ്രചരിപ്പിച്ചു. രാത്രി മഠത്തിൽവരവിന് തിരുവമ്പാടി ഒമ്പത്‌ ആനകൾക്ക് പകരം ഒരാനയായി ചുരുക്കിയതും അലങ്കാരപ്പന്തലുകളിലെ വിളക്കുകൾ അണച്ചതും പൂരത്തിന്റെ ശോഭകെടുത്തി. പൂരം നിർത്തിവയ്ക്കുകയാണെന്ന് പ്രചരിപ്പിച്ചു. പാസ്‌ ഉള്ളവരെ മുഴുവൻ വെടിക്കെട്ട് സമയത്ത് പൂരപ്പറമ്പിൽ കയറ്റണമെന്ന് തിരുവമ്പാടി ദേവസ്വം വാശിപിടിച്ചതും അവരുടെ നിസ്സഹകരണവും വെടിക്കെട്ട് വെെകാനിടയാക്കി.

കുടമാറ്റ സമയത്ത് ആനകൾ തെക്കെ ഗോപുരനടയിലുടെ ഇറങ്ങുന്നതും ആനകൾക്ക് പട്ട കൊണ്ടുപോകുന്നതും  സംബന്ധിച്ച് പൊലീസും ജനങ്ങളുമായുണ്ടായ തർക്കം വലിയ വിഷയമായില്ല.  വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ചെരിപ്പിട്ടു കയറാൻ അനുവദിക്കരുതെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തതാണ് പൊലീസിന്റെ ഭാഗത്തെ വീഴ്ച. ആന പരിശോധന തടസ്സപ്പെടുത്തിയതാണ് പാറമേക്കാവ്  ദേവസ്വത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച–- റിപ്പോർട്ടിൽ പറയുന്നു. പൂരം അലങ്കോലമായതിൽ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാരും സത്യവാങ്മൂലം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top