28 December Saturday

ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ കുടുംബശ്രീ സര്‍വേ

സ്വന്തം ലേഖികUpdated: Friday Dec 27, 2024

തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ കുടുംബശ്രീ. ജനുവരി ആറ് മുതൽ 12 വരെയാണ് സർവേ. ഉറവിട മാലിന്യസംസ്കരണ സംവിധാനമുള്ള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങിയവയുടെ നിലവിലെ സ്ഥിതി, ജൈവ മാലിന്യം സംസ്കരിക്കാനുള്ള ഇനോക്കുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
സർവേയ്ക്ക് ഓരോ വാർഡിലും രണ്ടുമുതൽ മൂന്നുവരെ ടീമുകളെ നിയോഗിക്കും.

സംസ്ഥാനമൊട്ടാകെ 35,000-ലേറെ ഹരിതകർമസേനാംഗങ്ങളും സർവേയുടെ ഭാഗമാകും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികളുൾപ്പെടെ ഓരോ ടീമിലും അഞ്ചോളം പേർ ഉണ്ടാകും. ഇവർ ഹരിതമിത്രം ആപ്പിലൂടെ സംസ്കരണ ഉപാധികൾ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തും. ഹരിതമിത്രം ആപ്പിൽ എൻറോൾ ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിക്കും.

രജിസ്റ്റർ ചെയ്യാത്തവർക്ക് ക്യുആർ കോഡ് ലഭ്യമാക്കും. സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകും. സർവേയ്ക്ക് ശേഷം ആവശ്യമായ ഇനോക്കുലത്തിന്റെ അളവ് തിട്ടപ്പെടുത്തും. പിന്നീട് ഉൽപ്പാദകരുമായി ബന്ധപ്പെട്ട് ഹരിതകർമ സേനകൾക്ക് ഇനോക്കുലം വാങ്ങാനും വിൽക്കാനും അവസരമൊരുക്കും. സർവേയിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലന പരിപാടികളും നടന്നുവരികയാണ്.


ഉറവിട മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ സേനയുടെ പരിധിയിൽ കൊണ്ടുവരികയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർവേയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ശുചിത്വമിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്‌ പ്രോജക്ട്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ സഹകരണമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top