തിരുവനന്തപുരം> മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മൂന്നു കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോട്ടയം ജില്ലയിലെ കെഎസ്‌ഇബി തലയാഴം ഇലക്‌ട്രിക്കൽ സെക്‌ഷനിലെ ജീവനക്കാരായ പി വി അഭിലാഷ്, പി സി സലിംകുമാർ, ആലപ്പുഴ ചേപ്പാട് ഇലക്ട്രിക്കൽ സെക്‌ഷനിലെ ജീവനക്കാരൻ പി സുരേഷ് കുമാർ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവീസിൽനിന്നും സസ്പെൻഡ് ചെയ്തത്.
ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി വി അഭിലാഷ്, പി സി സലീംകുമാർ എന്നിവരെ അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ പാണാവള്ളി സ്വദേശിനിയുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്.
പി വി അഭിലാഷ്, പി സി സലീംകുമാർ എന്നിവർ ബാറിൽ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോൾ ബാർ ജീവനക്കാർ ചോദ്യം ചെയ്തതിൻ്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡർ ഓഫ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അന്വേഷണത്തിനായി ഉത്തരവിടുകയും ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരേയും അടിയന്തിരമായി സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുകയുമായിരുന്നു.
പി സുരേഷ് കുമാർ ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..