തിരുവനന്തപുരം> സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ വഴിത്തിരിവ്. കേസിൽ മാപ്പുസാക്ഷിയാവാനുള്ള രണ്ടാം പ്രതി സച്ചിൻ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അംഗീകരിച്ചു. സച്ചിൻ മാപ്പുസാക്ഷിയാവുന്നത് അന്വേഷണത്തിന് സഹായകരമാകുമെന്ന് പ്രോസിക്യൂഷനും റിപ്പോർട്ട് നൽകിയിരുന്നു. സച്ചിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
സ്‌പേസ് പാർക്കിൽ ജോലി നേടാനാണ് സ്വപ്‌ന മുംബൈ ബാബാ സാഹിബ് അംബേദ്‌കർ സർവകലാശാലയിൽനിന്ന് ബികോം പാസായതിന്റെ വ്യാജരേഖയുണ്ടാക്കിയത്. ദേവ് എജ്യുക്കേഷൻ ട്രസ്റ്റ് മുഖേന 2017ലാണ് സ്വപ്‌നയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ തീരുമാനിച്ചത് ഈ സർട്ടിഫിക്കറ്റിന്റെ ബലത്തിലായിരുന്നു.
2022 ആഗസ്തിലാണ് അമൃത്‌സർ സ്വദേശി സച്ചിൻദാസിനെ കന്റോൺമെന്റ് പൊലീസ് പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്‌തത്. സച്ചിൻദാസിന്റെ വീട്ടിൽനിന്ന് മറ്റ് പല സർവകലാശാലകളുടെയും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..