24 December Tuesday

ഡീക്കന്മാരുടെ തിരുപ്പട്ടം ; പ്രതിഷേധം സഭാവിരുദ്ധ
ശക്തികളുടെ തിരക്കഥ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കൊച്ചി
സഭാവിരുദ്ധ ശക്തികൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് എറണാകുളം-–-അങ്കമാലി അതിരൂപതാ  കേന്ദ്രത്തിൽ നടപ്പാകുന്നതെന്ന്‌ സിറോ മലബാർസഭ മീഡിയ കമീഷൻ. ഡീക്കന്മാർക്ക്‌ തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട്‌ വൈദികരും അൽമായ മുന്നേറ്റവും ബിഷപ് ഹൗസിനുമുന്നിൽ നടത്തുന്ന പ്രതിഷേധത്തോടുള്ള സഭാ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണമാണിത്‌.   

അതിരൂപതാ കൂരിയയുടെ പ്രവർത്തനം തടസ്സപ്പെടുത്തി, സഭയെ അപമാനിക്കുന്നവരുടെ ലക്ഷ്യം ഡീക്കന്മാരുടെ പട്ടം നടത്തിക്കിട്ടുകയല്ല. അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നൽകുന്നവർക്ക്‌ തിരുപ്പട്ടം നൽകാനാണ്‌ സുന്നഹദോസ്‌ തീരുമാനം. സമരം ചെയ്തല്ല തിരുപ്പട്ടം സ്വീകരിക്കേണ്ടത്‌. അതാരുടെയും അവകാശമല്ല, സഭ  നൽകുന്ന ദാനമാണ്. എന്നാൽ, ഇതൊരവസരമായി കണ്ട് തിരുപ്പട്ടമെന്ന കൂദാശയുടെ പരിപാവനതയെ ചോദ്യം ചെയ്യാനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്വത്തിലുള്ള അതിരൂപതാ ഘടനയെ ദുർബലപ്പെടുത്താനുമാണ്‌ സഭാവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

സുന്നഹദോസ്‌ സെക്രട്ടറി മാർ ജോസഫ്‌ പാംബ്ലാനിയും അഡ്‌മിനിസ്‌ട്രേറ്റർ മാർ ജോസഫ്‌ പുത്തൂരുമായി ഉണ്ടാക്കിയ സമവായപ്രകാരം ഡീക്കന്മാർക്ക്‌ തിരുപ്പട്ടം നൽകണമെന്നാണ്‌ അൽമായ മുന്നേറ്റത്തിന്റെ ആവശ്യം. അതിനായി ബിഷപ് ഹൗസിനുമുന്നിൽ അൽമായരും വൈദികരും പ്രതിഷേധിച്ചുവരികയാണ്‌. ഇതേത്തുടർന്ന്‌ കൂരിയ വൈദികർ ബിഷപ് ഹൗസ്‌ വിട്ടുപോയിരുന്നു. ദിവസങ്ങളായി രൂപതാ ആസ്ഥാനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്‌. സമരത്തിലൂടെ ആവശ്യം നേടാനാകില്ലെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും മാർ ബോസ്‌കോ പുത്തൂർ കഴിഞ്ഞദിവസം സർക്കുലറിലൂടെ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top