ചേലക്കര
തൃശൂർ ലോക്‌സഭാ സീറ്റിൽ ബിജെപിക്ക് വോട്ട് മറിച്ച് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെ തോൽപ്പിച്ചവർക്ക് ചേലക്കരയിൽ ചുമതല നൽകിയതിൽ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും പങ്കെടുത്ത യോഗത്തിൽ ടി എൻ പ്രതാപനും അനിൽ അക്കരയ്‌ക്കുമെതിരെ മണ്ഡലം ഭാരവാഹികൾ രൂക്ഷ വിമർശനമുയർത്തി. യോഗത്തിൽ സുധാകരൻ സംസാരിക്കുന്നതിന് മുമ്പ് ഹരിത പോസ്‌റ്റർ പ്രകാശനം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതാപൻ രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധമുയർന്നത്. തൃശൂരിൽ മുരളിയെ തോൽപ്പിക്കുന്നതിന് കാരണക്കാരായ പ്രതാപനേയും അനിൽ അക്കരയേയും ചേലക്കരയിൽനിന്ന് മാറ്റി നിർത്തണമെന്നായിരുന്നു ആവശ്യം. വ്യക്തി നേട്ടത്തിനായി അനിൽ അക്കര കളിക്കുകയാണെന്നും വിമർശിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്‌ഠൻ പങ്കെടുത്തിരുന്നില്ല. ഭാര്യ കെ എ തുളസിക്ക് സീറ്റ് ലഭിക്കാത്തതിനാലാണ് ശ്രീകണ്‌ഠൻ വിട്ടു നിന്നതെന്ന് എതിർവിഭാഗം ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ കെപിസിസി കമീഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയവർക്ക് തെരഞ്ഞെടുപ്പു ചുമതല നൽകിയതിൽ കെ മുരളീധരൻ ഉൾപ്പടെ കോൺഗ്രസിലെ വലിയൊരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..