22 November Friday

മുഖ്യമന്ത്രി സ്വീകരിച്ചത്‌ കർശന 
നിലപാട് : ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


കോഴിക്കോട്
ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്നും അതിൽ  കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ്‌ ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം അന്വേഷിച്ച്‌ ശക്തമായ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അൻവർ പറഞ്ഞത് അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളും അനുഭവങ്ങളുമാണ്. അവ പറയുന്നതിൽ തെറ്റില്ല. പരസ്യ പ്രസ്താവന നടത്തിയത് ശരിയായോ എന്ന് അൻവർ പരിശോധിക്കട്ടെ.  അതൊന്നും എൽഡിഎഫിനെ ബാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളുൾപ്പെടെ പരിശോധിക്കും. തെറ്റുകാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. 

കേരളത്തിൽ എട്ടുവർഷമായി എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്‌. ഇനിയും ഭരണതുടർച്ചയുണ്ടാകും. സർക്കാരിനെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം ജനങ്ങൾ ചെറുത്തുതോൽപ്പിക്കും.

മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ മുന്നണിയിൽ ചർച്ചയുണ്ടായിട്ടില്ല. അത് അവരുടെ പാർടിയാണ് തീരുമാനിക്കുക. ഇ പി ജയരാജൻ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. പാർടിയുടെ വളർച്ചക്കുവേണ്ടി ഒരുപാട് ത്യാ​ഗം അനുഭവിച്ച ആളാണെന്നും ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനം സാധ്യമാക്കാനും എൽഡിഎഫിലെ എല്ലാ പാർടികളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി പി കെ സജിത്‌ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top