കൊച്ചി > എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കഥകളും വായിച്ചാല്‍ തലയ്‌ക്കടിയേറ്റ അനുഭവമാുണ്ടാകുന്നത്. 'പണമുണ്ടാക്കാനുള്ള മാര്‍ഗമായി ഞാന്‍ ഒരിക്കലും എഴുത്തിനെ കണ്ടിട്ടില്ല. തുറന്നെഴുതുന്നു എന്നു പറയുന്നവര്‍ പുസ്തകം വിറ്റ് ലക്ഷങ്ങള്‍ ഉണ്ടാക്കാനായി കച്ചകെട്ടി ഇറങ്ങിയവരാണ്. അത്തരം എഴുത്തുകാരുടെ മുന്നില്‍ പുസ്തകപ്രസാധകര്‍ ക്യൂ നില്‍ക്കും. എനിക്ക് ചില കഥകളെക്കുറിച്ച് പറയാന്‍ നാണമാണ്. അത്രയും അരോചകമാണ് അവ,' പത്മനാഭന്‍ പറഞ്ഞു.
എഴുതിതുടങ്ങിയിട്ട് വര്‍ഷം എഴുപതായി. ഒരു വരിപോലും അശ്ലീലം എഴുതിയിട്ടില്ല. പ്രണയം എന്നത് ഒരു എഴുത്തുകാരന് എന്നും പ്രമേയമാണ്, എന്നാല്‍ പ്രണയത്തെ അതിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാണ് തന്നിലെ എഴുത്തുകാരന്‍ ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രണയദിനം എന്നൊക്കെ പറഞ്ഞ് യുവതലമുറ കാണിക്കുന്ന ചില കാര്യങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. പ്രണയദിനമൊക്കെ ഉണ്ടാക്കിയത് നവമാധ്യമങ്ങളാണ്. എല്ലാറ്റിനെയും കച്ചവടവല്‍ക്കരിക്കുന്ന പുതിയ പ്രവണതയുടെ ഉല്‍പ്പന്നമാണ് വാലന്റൈന്‍സ് ഡേ. ആ ദിനത്തിന്റെ ഉദ്ദേശശുദ്ധിയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു.
പുതിയ തലമുറയിലെ എഴുത്തുകളെല്ലാം കുഴപ്പമാണെന്ന അഭിപ്രായമില്ല. കഴിഞ്ഞ ദിവസം വായിച്ച 'വില്ലുവണ്ടി' പോലുള്ള നല്ല കഥകളെഴുതുന്നവരും ഉണ്ട്. നല്ല മുസല്‍മാന്‍ എന്ന എന്റെ ഏറ്റവും പുതിയ കഥ എറണാകുളത്തുണ്ടായ എന്റെ ഒരു അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. അതില്‍ ഒരു ഭാവനയും ചേര്‍ത്തിട്ടില്ല. കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താന്‍. അരുതാത്തത് കാണുമ്പോള്‍ പ്രതികരിക്കും, അതുപോലെ തന്നെ നല്ലകാര്യങ്ങളെ പ്രശംസിക്കാനും മടി കാണിക്കാറില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..