22 November Friday

ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല , നേതൃത്വത്തിലുള്ളത്‌ രാഷ്‌ട്രീയം അറിയാത്തവർ : ടി ആർ സോമശേഖരൻ

പി വി ജീജോUpdated: Sunday May 7, 2023


കോഴിക്കോട്‌
നേതൃത്വത്തെ മാറ്റാതെ കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന്‌ പ്രമുഖ ആർഎസ്‌എസ്‌ നേതാവ്‌ ടി ആർ സോമശേഖരൻ. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ള മുഴുവൻ നേതാക്കളും പരാജയമാണ്‌. രാഷ്‌ട്രീയമോ ജനങ്ങളുടെ പ്രശ്‌നങ്ങളോ അറിയാത്തവരാണ്‌ ബിജെപിയെ നയിക്കുന്നത്‌. ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ്‌ നേതാക്കൾ. ഇവരുടെ ശൈലിയിൽ ഭൂരിഭാഗം ബിജെപി–-സംഘ പ്രവർത്തകരും  നിരാശയിലാണ്‌. കേരളം പിടിക്കാൻ പോകുന്നുവെന്ന്‌ പറഞ്ഞിട്ടൊന്നും  കാര്യമില്ല–- ‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ സോമശേഖരൻ പറഞ്ഞു. ആർഎസ്‌എസ്‌ മുൻ സംസ്ഥാന ബൗദ്ധിക്‌ പ്രമുഖും ദീർഘകാലം ‘കേസരി’ വാരിക ചീഫ്‌ എഡിറ്ററുമായിരുന്നു സോമശേഖരൻ. ‘മതോത്തര ജീവിതദർശനം’ എന്ന തന്റെ പുസ്‌തക പ്രകാശനത്തിന്‌ കോഴിക്കോട്‌ എത്തിയതായിരുന്നു സോമശേഖരൻ. അഭിമുഖത്തിൽ നിന്ന്‌:

ബിജെപിയല്ല 
ഇത്‌ കെജെപി
കേരളത്തിലുള്ളത്‌ ബിജെപിയല്ല. കേരള ജനതാ പാർടി (കെജെപി) യാണ്‌. സംഘ പ്രവർത്തകരും നേതാക്കളും അങ്ങനെയാണ്‌ പറയാറ്‌. പ്രസ്ഥാനത്തിന്റെ മനോഭാവമോ സംസ്‌കാരമോ ഇല്ലാത്തവരാണ്‌ നയിക്കുന്നത്‌. നേതാക്കൾ ചിന്തിക്കുന്നത്‌ രാഷ്‌ട്രീയമായിട്ടല്ല. അതിനാലാണ്‌ ശബരിമലയിൽ സ്‌ത്രീകളെ തടയാനും തല്ലാനും പോയത്‌. ബിജെപി ചെയ്‌ത ഏറ്റവും വലിയ തെറ്റാണ്‌ സുപ്രീംകോടതി വിധിക്കെതിരായ  ശബരിമല സമരം. കോടതിവിധിയെ അംഗീകരിക്കുകയായിരുന്നു ചെയ്യേണ്ടത്‌. ശബരിമലയിൽ സ്‌ത്രീപ്രവേശനം വിലക്കുന്നത്‌ ലിംഗ വിവേചനമാണ്‌.

നേതൃത്വത്തിന്‌ പ്രധാനം 
വോട്ട്‌ കച്ചവടം
രാഷ്‌ട്രീയകക്ഷി ചെയ്യേണ്ട ഒന്നും സംസ്ഥാനത്ത്‌ ബിജെപി ചെയ്യുന്നില്ല. അവർക്ക്‌ പ്രധാനം വോട്ട്‌ കച്ചവടമാണ്‌. തെളിവില്ലാത്തിനാൽ അതിനെ ദാനമെന്ന്‌ പറയാം. പ്രവർത്തകർ ഭൂരിഭാഗവും നിരാശരാണ്‌. ബിജെപി നേതാക്കളെക്കുറിച്ച്‌ അഴിമതി ആരോപണവും കേൾക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം വോട്ടുണ്ടാക്കാൻ കഴിയില്ല. അതിനാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത്‌ ബിജെപി എന്തെങ്കിലും ചലനം സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാർടി എന്ന പ്രതിച്ഛായ ബിജെപിക്കില്ല. ദിവസവും പത്രസമ്മേളനം നടത്തുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം. ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്‌ ബിജെപിയുടെ പ്രവർത്തനം. 

സംഘവിരുദ്ധരെ 
വക്താവാക്കുന്നു
പ്രവർത്തകരുടെ വികാരം മനസ്സിലാക്കാനാകാത്ത നേതൃത്വമാണ്‌ സംസ്ഥാനത്തുള്ളത്‌. പ്രവർത്തകർക്ക്‌ താൽപ്പര്യമുള്ളവരെ സജീവമായി കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നില്ല. സംഘവിരുദ്ധരും സംസ്‌കാരശൂന്യരുമായവരെ ബിജെപിയുടെ വക്താവാക്കി അപമാനിക്കുകയാണ്‌. അരമനകളോ പള്ളികളോ സന്ദർശിച്ചാൽ പാർടി ശക്തമാക്കാനോ വികസിപ്പിക്കാനോ സാധിക്കില്ല’’–- സോമശേഖരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top