തിരുവനന്തപുരം> പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യപേപ്പർ വിവിധ യൂട്യൂബ് ചാനലുകൾക്കും, ഓൺലൈൻ ട്യൂഷൻ സെൻ്ററുകൾക്കും നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. ചോദ്യപേപ്പർ വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിച്ച ഓൺലൈൻ ട്യൂഷൻ സെൻ്ററുകൾക്കും, യൂട്യൂബ് ചാനലുകൾക്കുമെതിരെയും നടപടിയെടുക്കണം.
എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് മുമ്പ് യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. എസ്എസ്എൽസി ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയിരുന്ന മാഫിയകൾ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്എഫ്ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തിൽ ചോദ്യപേപ്പർ ചോർത്തിയിരുന്ന മാഫിയകളെ തുടച്ചുനീക്കാൻ കഴിഞ്ഞത്. അത്തരം മാഫിയകൾ പുതിയ രൂപത്തിൽ വീണ്ടും ഉടലെടുത്തിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി വലിയ സമരങ്ങൾക്ക് രൂപം കൊടുക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആർഷോയും പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..