21 December Saturday

കേന്ദ്ര തൊഴിലാളിവിരുദ്ധ നയം ; കരാർ, അതിഥി തൊഴിലാളികളെ സംഘടിപ്പിക്കണം : തപൻസെൻ

സ്വന്തം ലേഖകൻUpdated: Wednesday Sep 25, 2024


തിരുവനന്തപുരം
സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രനയംമൂലം ദുരിതം അനുഭവിക്കുന്ന കരാർ തൊഴിലാളികളെയും സംഘടിത മേഖലയിൽ തൊഴിൽചൂഷണം നേരിടുന്ന യുവാക്കളെയും സംഘടിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ നയങ്ങൾ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നു. കരാർ തൊഴിലാളികൾ തൊഴിലാളിവർഗത്തിന്റെ ഭാഗമാണെന്ന്‌ കണ്ട്‌ പ്രവർത്തനങ്ങൾ നടത്തണം. കേരളത്തിൽ തൊഴിൽസാഹചര്യം കൂടുതലായതിനാൽ ഇവിടേക്ക്‌ കൂടുതൽ അതിഥിത്തൊഴിലാളികൾ എത്തുന്നുണ്ട്‌. അവരെ സംഘടിപ്പിക്കാനുള്ള ശ്രമമുണ്ടാകണം.
രാജ്യത്തെ അപകടകരമായി പുനഃസംഘടിപ്പിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. തൊഴിൽ നിയമങ്ങളിലെ പൊളിച്ചെഴുത്തും വേണ്ടത്ര ചർച്ചയില്ലാതെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചതും ഇതിന്റെ ഭാഗമാണ്‌. തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ തച്ചുടയ്‌ക്കാനാണ്‌  ശ്രമം. തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്തിയാൽ ഇതെല്ലാം സുഗമമായി നടപ്പാക്കാമെന്നാണ്‌ ധാരണ.

ഉൽപ്പാദന മേഖലയെ തകർക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌. കയറ്റുമതിയിൽ വലിയ കുറവുണ്ടാവുകയും ഇറക്കുമതിയെ കാര്യമായി ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു. വിദേശ മൂലധനത്തെ സഹായിക്കാനുള്ള ഇടപെടലാണ്‌ കേന്ദ്രം നടത്തുന്നത്‌. തൊഴിൽദാനമേഖലയെ തകർക്കുന്ന സമീപനമാണിത്‌. ബിജെപിയുടെയും ആർഎസ്‌എസിന്റെയും വർഗീയ നീക്കങ്ങളെ ചെറുക്കാൻ തൊഴിലാളി മുന്നേറ്റത്തിന്‌ കഴിയണമെന്നും തപൻസെൻ പറഞ്ഞു.

സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട്‌ അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി എച്ച്‌ കരുമലയൻ, ജെ മേഴ്‌സിക്കുട്ടി അമ്മ, കെ പി സഹദേവൻ, പി നന്ദകുമാർ, എ കെ ബാലൻ, സുനിത കുര്യൻ, കെ എൻ ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു.
ഉദ്‌ഘാടനശേഷം ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. ബുധനാഴ്ച സംസ്ഥാന ജനറൽ സെക്രട്ടറി ചർച്ചകൾക്ക്‌ മറുപടി പറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top