22 December Sunday

കേന്ദ്ര നികുതിവിഹിതം: പ്രതിവർഷ നഷ്ടം 15,000 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

തിരുവനന്തപുരം
പതിനഞ്ചാം ധന കമീഷന്റെ കാലയളവിൽ കേരളത്തിന് നികുതി വിഹിതത്തിൽ വന്നിട്ടുള്ള നഷ്ടം 15,000 കോടിയിൽ അധികമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ അരവിന്ദ്‌ സുബ്രഹ്മണ്യന്റെ പഠനത്തിലെ കണ്ടെത്തലാണ്‌ ഇത്‌. സംസ്ഥാനത്തിന്റെ മൊത്തം നികുതിവിഹിതത്തിലെ നഷ്ടം 75,000 കോടി രൂപ കവിയും. സംസ്ഥാനത്തുനിന്ന്‌ പിരിച്ചെടുക്കുന്ന നികുതിയുടെ 85 ശതമാനമെങ്കിലും അതത്‌ സംസ്ഥാനത്തിനായി ചെലവിടണം. ബാക്കിത്തുക കേന്ദ്ര പൂളിലേക്ക്‌ പോകട്ടെ.

ഇതാണ്‌ അരവിന്ദ്‌ സുബ്രഹ്മണ്യൻ മുന്നോട്ടുവയ്‌ക്കുന്ന നിർദേശം. ഇവിടെ അർഹമായ നികുതിവിഹിതംപോലും ലഭിക്കുന്നില്ല. പത്താം ധന കമീഷന്റെ കാലത്ത്‌ 3.82 ശതമാനം കിട്ടിയിരുന്നത്‌ 15–-ാം കമീഷനിൽ 1.92 ശതമാനമായി. 2026ലെ 16–-ാം ധന കമീഷൻ രൂപീകരണത്തിനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ്‌ ഇതുപോലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച്‌ വിഷയം ഉയർത്താനാണ്‌ കേരളം ശ്രമിക്കുന്നത്‌. പെൻഷനും ശമ്പളവും കൊടുക്കാനുള്ള തുക കേന്ദ്രം നൽകുന്നതാണ്‌ എന്നാണ്‌ ബിജെപി പറയുന്നത്‌. ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. 24,000 കോടിയുടെ പ്രത്യേക പാക്കേജിന്‌ കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.

രണ്ടുവർഷത്തെ കടമെടുപ്പുപരിധി വെട്ടിക്കുറച്ചതിനാൽ ഉണ്ടായ നഷ്ടം നികത്താനുള്ളതാണ്‌ ഇത്‌. ജിഎസ്ഡിപിയുടെ മൂന്നുശതമാനമാണ് നിലവിലെ പരിധി. ഒപ്പം ഊർജമേഖലയുമായി ബന്ധപ്പെട്ട അരശതമാനവും ചേർത്ത് മൂന്നരശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാൽ, 2022-–-23ൽ 2.44 ശതമാനമാണ്‌ അനുവദിച്ചത്. കഴിഞ്ഞവർഷമാകട്ടെ 2.88 ശതമാനവും. 14–--ാം ധന കമീഷനെ അപേക്ഷിച്ച് 15–--ാം ധനകമീഷൻ കാലയളവിൽ കേന്ദ്ര നികുതിവിഹിതത്തിൽ പ്രതിവർഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴി വലിയ വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായത്. വിഴിഞ്ഞം പാക്കേജായി 5000 കോടി, എയിംസ്‌ അനുവദിക്കൽ, വയനാട്‌ തുരങ്ക പാതയ്‌ക്കായുള്ള സഹായം തുടങ്ങിയവയും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ടെന്ന്‌- ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top