27 December Friday

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024


തിരുവനന്തപുരം
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമ്പൂർണ ഡിജിറ്റൈസേഷനും സൗജന്യ ഡയാലിസിസ്‌ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും പുതിയ പദ്ധതികളുടെയും ഉദ്‌ഘാടനം ദേവസ്വം ബോർഡ്‌ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബുധൻ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട്‌ ദുരിതാശ്വാസത്തിനായി ദേവസ്വം ബോർഡും ജീവനക്കാരും സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും. ദേവസ്വം മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

ഡിജിറ്റൈസേഷനിലൂടെ ഇ കാണിക്കയും വഴിപാട്‌ തുകയും പിഒഎസ്‌ മെഷീൻ, യുപിഎസ്‌ സംവിധാനം എന്നിവയിലൂടെ സ്വീകരിക്കൽ, ജി സ്‌പാർക്ക്‌, ഇ ടെൻഡർ, ഇ ഓഫീസ്‌, ക്ഷേത്ര ഭൂമിയുടെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ ടെമ്പിൾ ഡാറ്റാബേസ്‌ എന്നിവ സാധ്യമാകും. ചെന്നൈ എൻഐസിയുടെ സഹകരണത്തോടെയാണ്‌ ഡിജിറ്റൈസേഷൻ നടപ്പാക്കിയത്‌.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ മൂന്ന്‌ സൗജന്യ ഡയലാസിസ്‌ സെന്ററുകൾ ആരംഭിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, ഹരിപ്പാട്‌ എന്നിവിടങ്ങളിലാണ്‌ ഡയാലിസിസ്‌ സെന്ററുകൾ തുടങ്ങുന്നത്‌. ഓരോ സ്ഥലത്തും ആദ്യഘട്ടം പത്ത്‌ പേർക്ക്‌ ദിവസവും സൗജന്യ ഡയാലിസിസിന്‌ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ശബരിമലയിൽ എല്ലാവർക്കും  ദർശനം ഉറപ്പാക്കും
മണ്ഡല, മകരവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നവംബർ ആദ്യവാരം പൂർത്തിയാകും. വിപുലമായ സൗകര്യങ്ങളാണ്‌ ഇത്തവണ ഒരുക്കിയിട്ടുള്ളത്‌. ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കും. കഴിഞ്ഞ വർഷത്തേക്കാൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. 35 ലക്ഷം ടിൻ അരവണ സംഭരിച്ചിട്ടുണ്ട്‌. മാസപൂജ ദിവസത്തിൽ വലിയ തിരക്കാണുണ്ടായത്‌.  55,000 പേരാണ്‌ മാസപൂജ ദിവസമെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top