കുന്നിക്കോട് > നാടിന് ഒപ്പം നാട്ടാർക്ക് ഒപ്പം ദേശാഭിമാനിയുണ്ട്. ദേശാഭിമാനിയിൽ വരുന്ന രാഷ്ട്രീയ വാർത്തകൾ വിവരിച്ച് ചർച്ച ചെയ്യുന്ന വിളക്കുടി പഞ്ചായത്തിലെ ഒരിടമാണ് മുറിഞ്ഞകലുങ്ങിലെ മുരളിയണ്ണൻ്റെ തട്ട് ചായക്കട .പുലർച്ചെ നാലിന് തുറക്കുന്ന തട്ടുകട 5.30 ന് ദേശാഭിമാനി പത്രം വിതരണക്കാരൻ ബാലമുരുകൻ എത്തിച്ച് നൽകുന്നതോടെ സജീവ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമാകും. രാഷ്ട്രീയ സംഭവ വികാസങ്ങളും നിലപാടുകളും പത്രവായന നടത്തുന്ന ഗ്രാമീണരിൽ നിന്ന് ചർച്ചകളായും വിവരണങ്ങളായും വരുന്നത് കേട്ടു നിൽക്കുന്നവരും ആകാംക്ഷപ്പെടുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. പുനലൂർ പേപ്പർമിൽ തൊഴിലായായിരുന്നു മുരളിധരൻ പിള്ള .
ഉടമസ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ജീവന മാർഗ്ഗമായി മഞ്ഞ മൺകാലയിലെ മുറിഞ്ഞകലുങ്ങിന് സമീപം സഹോദരന് ഒപ്പം ചേർന്ന് ചായക്കട തുടങ്ങിയത്. അന്ന് തുടങ്ങിയതാണ് ദേശാഭിമാനിയുമായുള്ള ബന്ധം. ചൂട് ചായ കുടിക്കുന്നതിന് ഒപ്പം പത്രവായനയ്ക്കും സൗകര്യം ഒരുക്കിയാണ് മുരളിയണ്ണൻ്റെ പകൽ പത്ത് മണി വരെയുള്ള നാടൻ ചായക്കട പ്രവർത്തിക്കുന്നത്. പുലർച്ചെ സവാരി ചെയ്യുന്ന ഒട്ടോറിക്ഷ യാത്രികരും നിർമ്മാണ തൊഴിലാളികളും ഗ്രാമണർ അടക്കമുള്ള പതിവുകാർ കടയിൽ എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് ദേശാഭിമാനിയെയാണ്. ഒൻപത് മണിയോടെ കൂട്ടമായി എത്തിച്ചേരുന്ന സൗഹൃദ സംഘത്തിൻ്റെ പത്രവായന ഇവിടുത്തെ പതിവ് കാഴ്ചയാണ്. ഒരു ദിവസം ഏഴുപതോളം പേർ ഇവിടെ വരുന്ന ദേശാഭിമാനി പത്രം വായിക്കുന്നുണ്ടെന്നും വായനക്കായി മാത്രം ആൾക്കാർ വരുന്നുണ്ടെന്നും മുരളിയണ്ണൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..