തിരുവനന്തപുരം
പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ (ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിൾ റേറ്റിങ് നേട്ടം തുടർച്ചയായ നാലാം വർഷവും സ്വന്തമാക്കി ടെക്‌നോപാർക്ക്. സാമ്പത്തിക വളർച്ചയും പുരോഗതിയും നിലനിർത്തുന്നതിനാണ് അംഗീകാരം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റേറ്റിങ് ഏജൻസിയാണ് ക്രിസിൽ.
ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്‌നോപാർക്കിന് 2021ൽ ആണ് ആദ്യമായി ക്രിസിൽ എ പ്ലസ്/സ്റ്റേബിൾ റേറ്റിങ് ലഭിച്ചത്. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ ഇത് നിലനിർത്താനായി. നിലവിൽ ടെക്‌നോപാർക്കിൽ 490 ഐടി, ഐടി ഇതര കമ്പനികളിലായി 75,000-ത്തിലധികം ജീവനക്കാരുമുണ്ട്. തുടർച്ചയായ നാലാം വർഷവും ക്രിസിലിന്റെ എ പ്ലസ്/സ്റ്റേബിൾ റേറ്റിങ് നേടാനായത് ടെക്നോപാർക്കിന്റെ ശക്തമായ സാമ്പത്തികനിലയും സുസ്ഥിരമായ വളർച്ചയും അടിവരയിടുന്നതാണെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..