23 December Monday

യുഡിഎഫ്‌ നഷ്‌ടകാലം പഴങ്കഥ; "ടെൽക്‌' നാലാം വര്‍ഷവും ലാഭപാതയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

തിരുവനന്തപുരം > സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്)  തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 8.4 കോടി രൂപയാണ് ലാഭം. 2019-20 സാമ്പത്തികവര്‍ഷം  203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വിറ്റുവരവാണിത്.

കഴിഞ്ഞ സര്‍ക്കാര്‍ നഷ്‌ട‌ത്തിലാക്കിയ സ്ഥാപനം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഗംഭീര തിരിച്ചുവരവ് നടത്തി. 2015-16 ല്‍ 14.79 കോടി രൂപ നഷ്‌ടത്തിലായിരുന്നു. 2016-17 ല്‍ 1.06 കോടി ലാഭത്തില്‍ എത്തി. 202.27 കോടി രൂപയുടെ വിറ്റുവരവും നേടി. 2017-18 ല്‍ 6.57 കോടിയും 2018-19ല്‍ 7.99 കോടിയും ലാഭം നേടി.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ ടെല്‍ക്കിനെ വികസന പാതയിലെത്തിച്ചു. വികസന പ്രവര്‍ത്തനങ്ങളും പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗവും ഉല്‍പ്പാദനശേഷിയും നിലവാരവും വര്‍ദ്ധിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായ തെലങ്കാനയിലെ കാളേശ്വരം പദ്ധതിക്ക്  400, 220 കിലോ വാട്ടുകളുടെ 71 വമ്പന്‍ ട്രാന്‍സ്‌ഫോമറുകള്‍ ടെല്‍ക് നിര്‍മിച്ച് നല്‍കി. 384 കോടി രൂപയുടെ ഓര്‍ഡറായിരുന്നു അത്. കെ എസ് ഇ ബിയില്‍നിന്ന് 250 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചു.  നിലവില്‍  സംസ്ഥാന വൈദ്യുതബോര്‍ഡിനൊപ്പം ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ ടെല്‍ക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 10 കോടിരൂപ കമ്പനിക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ടെല്‍ക്കില്‍ നടക്കുന്നത്. വി പി ഡി  പ്ലാന്റ് സ്ഥാപനം അവസാനഘട്ടത്തിലാണ്. 50 വര്‍ഷത്തോളം പഴക്കമുള്ള പ്ലാന്റും ഉപകരണങ്ങളും  മാറ്റി അത്യാധുനിക പ്ലാന്റ് സജ്ജീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഒപ്പം 180 ടണ്‍ ക്രെയിനുകളുടെ  ശേഷി 250 ടണ്ണായി ഉയര്‍ത്തുന്നതും സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍ നിര്‍മ്മാണ പ്ലാന്റ് നവീകരണവും നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top