23 December Monday

തിരുവില്വാമലയില്‍ ക്ഷേത്രത്തില്‍ മോഷണം: ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തൃശൂര്‍> തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടര്‍ പൊളിച്ചാണ് പണം കവര്‍ന്നത്.

കര്‍ക്കിടക മാസമായതിനാല്‍ തന്നെ ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിരുന്നു. കൗണ്ടറില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം.

രാവിലെ ആറുമണിയോടെ കൂടുതല്‍ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ  സംഭവം അറിഞ്ഞത്. കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജര്‍ പറഞ്ഞു. പഴയന്നൂര്‍ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top