22 December Sunday

ഇനി പാഠപുസ്തകങ്ങൾ ഓരോ വർഷവും പുതുക്കും ; കാലോചിതമായ 
മെച്ചപ്പെടുത്തലുകളോടെ അച്ചടിക്കും

ബിജോ ടോമിUpdated: Monday Sep 23, 2024

ഓരോ അധ്യയനവർഷവും പാഠപുസ്‌തകങ്ങൾ
തിരുവനന്തപുരം
ഇനി ഓരോ വർഷവും പാഠപുസ്തകങ്ങൾ കാലാനുസൃതമായി പുതുക്കും. വിവര വിനിമയ സാങ്കേതിക വിദ്യയിലുൾപ്പെടെയുള്ള മാറ്റങ്ങളനുസരിച്ച്‌ അധ്യായങ്ങളിൽ പരിഷ്കാരം വേണ്ടതുണ്ടോയെന്ന്‌ എസ്‌സിഇആർടി പരിശോധിക്കും. ഉള്ളടക്കത്തിലും വിന്യാസത്തിലും മാറ്റം ആവശ്യമെങ്കിൽ പരിഗണിക്കും.

നിലവിൽ പാഠ്യപദ്ധതി പരിഷ്കരിച്ചശേഷം അടുത്ത പരിഷ്കരണ സമയംവരെ ഉള്ളടക്കത്തിൽ മാറ്റം വരുത്താറില്ല. 2007ലെ പാഠ്യപദ്ധതി മാറ്റത്തിനുശേഷം സമഗ്രമായ പരിഷ്കരണം നടത്തിയത് ഈ വർഷമാണ്. ഈ അധ്യയനവർഷം പരിഷ്കരിച്ച ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലെ പുസ്തകങ്ങളാകും അടുത്തവർഷം ആവശ്യമെങ്കിൽ മെച്ചപ്പെടുത്തുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഒന്നാംഘട്ടത്തിൽ പുതുക്കിയ പുസ്തകങ്ങളാണ്‌ ഇവ. ശേഷിക്കുന്ന ക്ലാസുകളിൽ അടുത്ത അധ്യയനവർഷം പരിഷ്കരണം നടപ്പാക്കും. പിന്നീടുള്ള എല്ലാവർഷവും നവീകരിച്ച പുസ്തകങ്ങളാകും അച്ചടിക്കുക.

അഭിപ്രായം അറിയിക്കാം
ഈ അധ്യയനവർഷം പരിഷ്കരിച്ച പുസ്തകങ്ങളിൽ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായംതേടി എസ്‌സിഇആർടി . ഓൺലൈനായി ലഭ്യമാക്കിയ സർവേ ഫോമിലൂടെ അധ്യാപകർ അഭിപ്രായം അറിയിക്കണം.

പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, വിന്യാസം, അക്ഷരഘടന, നിറങ്ങൾ, ചിത്രങ്ങൾ, ആശയവ്യക്തത എന്നിവയാണ്‌ തൃപ്തികരമാണോയെന്ന്‌ പരിശോധിക്കുന്നത്‌. എസ്‌സിഇആർടി റിസർച്ച്‌ വിഭാഗത്തിലെ രണ്ട്‌ പേരടങ്ങുന്ന സംഘം എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത അഞ്ചുവീതം സ്കൂളുകളിലെത്തി പഠനരീതി നേരിട്ട്‌ പരിശോധിച്ചിരുന്നു. ഈ നിർദേശങ്ങൾ ക്രോഡീകരിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കും.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ രണ്ടാംവോള്യത്തിന്റെ അഭിപ്രായസർവേ അടുത്ത വർഷം ഫെബ്രുവരിയിൽ പൂർത്തിയാകും. ഇതിനുശേഷമാകും ഈ പുസ്തകങ്ങളിൽ മെച്ചപ്പെടുത്തലുകൾ വേണ്ടതുണ്ടെങ്കിൽ നടപ്പാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top