19 December Thursday

മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ കടന്നു കൂടി; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ചെന്നൈ > മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം ദിനപത്രത്തിൽ പ്രസിധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു. പറയാത്ത വാക്യങ്ങൾ കൂട്ടിച്ചേർത്ത് അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. അഭിമുഖം എന്ന രൂപത്തിൽ വന്ന വ്യാഖ്യാനത്തിലെ ഏതാനും പദങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയ വിദ്വേഷ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്.

അഭിമുഖത്തിലെയല്ല, പി ആർ ഏജൻസി എഴുതി നൽകിയ വാക്യങ്ങൾ

മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം പിആർ ഏജൻസി നൽകിയ വിവരങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ച കാര്യങ്ങളാണ് അവ എന്ന് തെറ്റിദ്ധരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നതായും ദ ഹിന്ദു അറിയിച്ചു. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും 'ദ ഹിന്ദു' പറയുന്നു.

മുഖ്യമന്ത്രിയുമായി മാധ്യമപ്രവർത്തക ശോഭനാ നായർ നടത്തിയ അഭിമുഖത്തിൽ ഈ ഭാഗങ്ങൾ ഉണ്ടായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശവും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന പരാമർശവുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞതല്ല. അവ പിആർ ഏജൻസി എഴുതി നൽകിയതാണ് എന്നാണ് ദ ഹിന്ദു പത്രം വിശദമാക്കിയത്. ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അത്തരത്തിൽ സംഭവിക്കാൻ പാടില്ലായിരുന്നെന്നും നിരുപാധികം മാപ്പ് പറയുന്നതായും പറയുന്നു.

വിശദീകരണം ഇങ്ങനെ

'കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് ഞങ്ങളെ സമീപിച്ചത്. അഭ്യർഥന പ്രകാരം കേരള ഹൗസിൽ സെപ്തംബർ 29ന് രാവിലെ ഒമ്പതിനാണ് അദ്ദേഹവുമായി ഞങ്ങളുടെ ജേണലിസ്റ്റ് അഭിമുഖം നടത്തിയത്. ഇതിൽ പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും സന്നിഹിതരായിരുന്നു. അഭിമുഖം 30 മിനിറ്റ് നീണ്ടുനിന്നു. പിന്നീട്, സ്വർണക്കടത്ത്, ഹവാലാ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും വിവരങ്ങളും കൂടി ഇതിൽ ഉൾപ്പെടുത്താനാവുമോ എന്ന് അവരിലൊരാൾ അഭ്യർഥിച്ചു. തുടർന്ന് ഇത് അവർ എഴുതി നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്. ആ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലേതായി ഉൾപ്പെടുത്തിയതിൽ വീഴ്ചയുണ്ടായി. അതിൽ മാപ്പ് പറയുന്നു'- എന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം.

അഭിമുഖത്തിൽ പരാമർശിക്കാത്ത പദങ്ങൾ; ദ ഹിന്ദു പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സെപ്തംബർ 30 ന് ദ ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ചില പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വലിയ രീതിയിൽ വിദ്വേഷ പ്രചാരണം മാധ്യമങ്ങൾ വഴി ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാൽ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് കത്തിൽ വ്യക്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന വാക്കുകളും ഉപയോഗിച്ചില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെ നിലപാട് അല്ല പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലുള്ളത്. പത്രവാർത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും കാരണമായെന്നു ചൂണ്ടിക്കാട്ടിയ കത്തിൽ, ഹിന്ദു പത്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top