തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) പലമടങ്ങായി തിരിച്ചടക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. വിജിഎഫ് ഗ്രാന്റിന്റെ പൊതുനയത്തിൽനിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞത്ത് കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്നത്. വിജിഎഫ് ഗ്രാന്റായിതന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫായി നൽകാൻ ശുപാർശ നൽകിയത്. തുക ലഭിക്കണമെങ്കിൽ വിജിഎഫ് നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്നാണ് പുതിയ നിബന്ധന. കേന്ദ്രത്തിന്റെ വിജിഎഫ് മാർഗനിർദേശങ്ങളിൽ ഗ്രാന്റ് തിരിച്ചടക്കണമെന്ന് നിബന്ധനയില്ല. കേന്ദ്രം നൽകുന്നത് 817.80 കോടിയാണെങ്കിലും തിരിച്ചടവിന്റെ കാലയളവിൽ പലിശയും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ 10,000 കോടി മുതൽ 12,000 കോടി രൂപവരെ തിരിച്ചടയ്‌ക്കേണ്ടിവരും.
ഇതുവരെ 238 പദ്ധതികൾക്കായി 23,665 കോടിയോളം രൂപ വിജിഎഫായി ധനമന്ത്രാലയം നൽകി. ഇവയിൽ ഒന്നിൽപോലും തിരിച്ചടവ് ഏർപ്പെടുത്തിയിട്ടില്ല.
വിഴിഞ്ഞത്തിന് 817.80 കോടിരൂപ സംസ്ഥാന സർക്കാരും വിജിഎഫ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനം 4,777.80 കോടി രൂപകൂടി നിക്ഷേപിക്കുന്നുണ്ട്. അതിനാൽ കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ട്. തൂത്തുക്കുടി ഔട്ടർഹാർബർ പദ്ധതിക്ക് വിജിഎഫ് അനുവദിച്ചപ്പോൾ ഈ നിബന്ധനയില്ലായിരുന്നു. അതേ പരിഗണന വിഴിഞ്ഞവും അർഹിക്കുന്നുണ്ട്–- കത്തിൽ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..