കോഴിക്കോട്
കർണാടകത്തിലെ ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനവുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും നടത്താതെയാണ് കർണാടക സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. തീരുമാനം പുനഃപരിശോധിക്കണം. ഇന്ത്യയിലേത് മികച്ച നേവൽ ബേസ് സംവിധാനങ്ങളാണെന്നും അതിനെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സ്ഥലത്തെ കലക്ടറെ നിലപാട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇതിലും പ്രതികൂലമായ കാലാവസ്ഥയിലാണ് തിരച്ചിൽ നടത്തിയത്. കാലാവസ്ഥ അനുകൂലമായിട്ടും ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിദഗ്ധരുമായി ആലോചിച്ചെടുത്ത മൂന്ന് തീരുമാനമുണ്ട്. അതിലൊന്ന് പാന്റൂൺ കൊണ്ടുവരണമെന്നതാണ്. ഇത് കർണാടക അധികൃതരുമായി നേരിട്ടിരുന്ന് ആലോചിച്ചെടുത്ത തീരുമാനമാണ്. എന്നാൽ പിറ്റേന്നാണ് പാന്റൂൺ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടെന്നറിയിക്കുന്നത്. പിന്നീട് രാജസ്ഥാനിൽനിന്ന് കൊണ്ടുവരാം എന്നായി. അതും നടന്നിട്ടില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു യോഗത്തിലെടുത്ത തീരുമാനത്തിൽനിന്ന് എന്തുകൊണ്ട് പിറകോട്ട് പോയി. തഗ്ബോട്ട് എത്തിക്കുന്നതിലുള്ള തടസ്സവും മുൻകൂട്ടി പറഞ്ഞിട്ടില്ല. ഡ്രഡ്‌ജിങ് നടത്തുന്നതിൽ ഒരു പാലമാണ് തടസ്സമെന്നാണ് സൂചിപ്പിച്ചത്. അത് പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഡ്രഡ്‌ജിങ്ങും നടന്നിട്ടില്ല. ഈ മൂന്ന് വഴികളും രക്ഷാപ്രവർത്തനത്തിന്റെ സാധ്യതകളായി കണ്ടതാണ്. അതിനാൽ ഒരുമിച്ചെടുത്ത തീരുമാനവുമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..