24 November Sunday
കേരളം എത്തിപ്പിടിച്ചു; 
അപ്രാപ്യമെന്ന്‌ കരുതിയ നേട്ടം

വ്യവസായ 
സൗഹൃദ റാങ്കിങ്ങ് : കേരളം രാജ്യത്ത്‌ ഒന്നാമത്

എം പ്രശാന്ത്‌Updated: Friday Sep 6, 2024


ന്യൂഡൽഹി
വ്യവസായ സംരംഭകർക്ക്‌  സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) കേരളം രാജ്യത്ത്‌ ഒന്നാമത്. ചരിത്രത്തിൽ ആദ്യമായാണ്‌ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത്‌ ഒന്നാമതെത്തുന്നത്‌. കേന്ദ്ര വാണിജ്യ–-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ 2020 ൽ കേരളം 28–-ാം സ്ഥാനത്തായിരുന്നു. 2021 ൽ 13 പടികൾ കയറി കേരളം  15–-ാമത്‌ എത്തി. 2022–-23 വർഷത്തെ പട്ടികയിലാണ്‌ ഒറ്റയടിക്ക്‌ 14 പടികൾ കയറി കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്‌. ആന്ധ്രയാണ്‌ പട്ടികയിൽ രണ്ടാമത്‌. മൂന്നാമത്‌ ഗുജറാത്തും. 

‘വ്യവസായ സമാഗമം’ എന്ന പേരിൽ  വ്യാഴാഴ്‌ച ചേർന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ  കേന്ദ്ര വാണിജ്യ–-വ്യവസായ മന്ത്രി പീയുഷ്‌ ഗോയലാണ്‌ കേരളത്തിന്റെ നേട്ടം പ്രഖ്യാപിച്ചത്‌. കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ്‌ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിൽനിന്ന്‌ ഏറ്റുവാങ്ങി. നൂതനമായ പരിഷ്‌ക്കാരങ്ങളിലൂടെ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പ്രക്രിയകൾ ഏകോപിപ്പിച്ചും വ്യവസായികൾക്കും പൗരൻമാർക്കും കാര്യക്ഷമമായ സേവനങ്ങൾ ഒരുക്കിയും കേരളം, ആന്ധ്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്‌ചവച്ചെന്ന്‌ മന്ത്രി പീയുഷ്‌ ഗോയൽ യോഗത്തിൽ പറഞ്ഞു.

വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടിക തയ്യാറാക്കുന്നത്‌. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന്‌ ഒന്നാമത്‌ എത്താനായി. ആന്ധ്ര അഞ്ചും ഗുജറാത്ത്‌ മൂന്നും മേഖലകളിലാണ്‌ ഒന്നാമതെത്തിയത്‌. വ്യവസായ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങൾ, മുതിർന്ന പൗരൻമാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നികുതി അടയ്‌ക്കൽ സംവിധാനങ്ങൾ, ഓൺലൈൻ സർട്ടിഫിക്കറ്റ്‌ വിതരണം, പൊതുവിതരണ സംവിധാനം, ഗതാഗതം തുടങ്ങിയ ഒമ്പത്‌ മേഖലകളിലാണ്‌ കേരളം ഒന്നാമതെത്തിയത്‌.



ഫലംകണ്ടത്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിന്‌

കേരളം എത്തിപ്പിടിച്ചു; 
അപ്രാപ്യമെന്ന്‌ കരുതിയ നേട്ടം
ഇന്ത്യയുടെ വ്യവസായ ഭൂപടങ്ങളിലൊന്നും ഇടമില്ലാതിരുന്ന കാലത്തുനിന്ന്‌ വ്യവസായ വികസനത്തിൽ ഒന്നാംസ്ഥാനത്തേക്കുള്ള കേരളത്തിന്റെ കുതിപ്പിനു പിന്നിൽ എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യം. അപ്രാപ്യമെന്നും അസംഭവ്യമെന്നും കരുതിയ നേട്ടങ്ങളാണ്‌ ഈ കാലയളവിൽ സംസ്ഥാനം കൈവരിച്ചത്‌. ഒടുവിൽ കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ അനുമതി നേടിയെടുത്തതും ലോജിസ്‌റ്റിക്‌സ്‌ നയം പ്രഖ്യാപിച്ചതും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്‌. 

ഈ കാലയളവിൽ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വൻ കുതിച്ചുചാട്ടമുണ്ടാക്കി. ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. കേന്ദ്രസർക്കാർ വിൽപ്പനയ്‌ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത്‌ പുതിയ വ്യവസായങ്ങൾ ആരംഭിച്ചു. ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകളും കാമ്പസ്‌ വ്യവസായ പാർക്കുകളും തുടങ്ങി. ഇരുപത്തഞ്ചിലധികം സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ്‌ ഇതിനകം അനുമതി നൽകിയത്‌. ഐബിഎം അടക്കം ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. രാജ്യത്തിന്റെതന്നെ വികസന കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖവും യാഥാർഥ്യമാക്കി. 

രണ്ടു വർഷത്തിനുള്ളിൽ 2.75 ലക്ഷം സംരംഭങ്ങൾക്ക്‌ തുടക്കമിട്ട സംരംഭക വർഷം പദ്ധതി ദേശീയതലത്തിൽ ബെസ്‌റ്റ്‌ പ്രാക്ടീസ് അംഗീകാരം നേടി. ഈ പദ്ധതിയിലൂടെ 16,000 കോടിയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവുമാണ്‌ സൃഷ്ടിച്ചത്‌. മീറ്റ്‌ ദി ഇൻവെസ്‌റ്റർ പരിപാടിയിലൂടെ 11,000 കോടിയുടെ നിക്ഷേപമാണ്‌ കേരളം നേടിയെടുത്തത്‌. 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന മെഗാഫുഡ് പാർക്ക്‌ പ്രവർത്തനമാരംഭിച്ചു. സ്‌പൈസസ് പാർക്കിന്റെ നിർമാണം തുടങ്ങി. 1200 കോടിയുടെ പെട്രോകെമിക്കൽ പാർക്കും യാഥാർഥ്യമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top