ന്യൂഡൽഹി
ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ ഒന്നാമത് എത്തിയതോടെ കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് എത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ സംരംഭകർ നൽകിയ അനുകൂല പ്രതികരണമാണ് ഈ നേട്ടത്തിന് പിന്നിൽ. സംരംഭങ്ങൾക്ക് വളരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ സർക്കാർ നടത്തിയ ശ്രമഫലങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. രണ്ട് ബിസിനസ് കേന്ദ്രീകൃത മേഖലകളിലും ഏഴ് പൗര കേന്ദ്രീകൃത മേഖലകളിലുമാണ് കേരളം ഒന്നാമതെത്തിയത്. ഈ ഒമ്പത് മേഖലകളിലും സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെ 95 ശതമാനത്തിലേറെ സംരംഭകരും പിന്തുണച്ചു.
ഡിജിറ്റൽ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും മുന്നേറാനായി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം തുടരും. ഫെബ്രുവരി 21, 22 തീയതികളിൽ നിക്ഷേപ സമ്മേളനം നടത്തും. അതിന് മുന്നോടിയായുള്ള റൗണ്ട്‌ടേബിളുകളും കോൺക്ലേവുകളും റോഡ്‌ഷോകളും നടന്നുവരികയാണ്. മുപ്പതിനായിരം കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം സംസ്ഥാനത്തിന് കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ആകർഷിക്കാനായി. ഐബിഎം പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക് എത്തിയെന്നും- മന്ത്രി ഓർമിപ്പിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോർ, കെഎസ്‌ഐഡിസി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ എന്നിവരും പുരസ്‌ക്കാരദാന ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..