കൊച്ചി
പരിഹാരങ്ങളുടെ മഹാമേള ‘കരുതലും കൈത്താങ്ങും’ അദാലത്തിന് കൊച്ചി താലൂക്കിലെ മട്ടാഞ്ചേരിയിൽ ഉജ്വല തുടക്കം. ആകെ ലഭിച്ച 152 പരാതികളിൽ 119 എണ്ണവും തീർപ്പാക്കി. മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദേശിച്ച് വകുപ്പുകൾക്ക് കൈമാറി. അദാലത്ത് ദിവസം കൗണ്ടറിലൂടെ 65 പരാതികൾകൂടി ലഭിച്ചു. 33 പേർ അദാലത്തിൽ നേരിട്ടെത്തിയില്ല.
മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായി. എട്ടുപേർക്ക് പട്ടയവും മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18 റേഷൻ കാർഡുകളും വിതരണം ചെയ്തു.
മന്ത്രിമാരായ പി രാജീവും പി പ്രസാദും പരാതികൾ കേട്ട് പരിഹരിച്ചു. കലക്ടർ എൻ എസ് കെ ഉമേഷ്, സബ് കലക്ടർ കെ മീര, ജില്ലാ വികസന കമീഷണർ എസ് അശ്വതി എന്നിവർകൂടി പങ്കെടുത്താണ് അദാലത്ത് സംഘടിപ്പിച്ചത്.
ഉദ്‌ഘാടനച്ചടങ്ങിൽ എംഎൽഎമാരായ കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, മേയർ എം അനിൽകുമാർ, കൗൺസിലർ കെ എ മനാഫ്, ഡെപ്യൂട്ടി കലക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ മനോജ്, തഹസിൽദാർ സുനിത ജേക്കബ്, അനിൽകുമാർ മേനോൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ ഏഴു താലൂക്കുകളിൽ ജനുവരി മൂന്നുവരെയാണ് അദാലത്തുകൾ. കുന്നത്തുനാട് താലൂക്ക് അദാലത്ത് 23ന് പെരുമ്പാവൂരിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
നിയമങ്ങൾ ജനോപകാരപ്രദമായി
വ്യാഖ്യാനിക്കണം: മന്ത്രി പി രാജീവ്
കൊച്ചി
നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടത് ജനോപകാരം ലക്ഷ്യമിട്ടായിരിക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ്. ‘കരുതലും കൈത്താങ്ങും’ അദാലത്ത് കൊച്ചി താലൂക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമം പാലിച്ച് വേഗത്തിലുള്ള പരിഹാരം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തുകളിൽ പരാതികൾ കുറയുന്നത് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് തെളിവാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സഹായങ്ങളും സേവനങ്ങളും കാലതാമസം കൂടാതെ എത്തിക്കുകയെന്നുള്ളതാണ് സർക്കാരിന്റെ നയമെന്ന് അധ്യക്ഷപ്രസംഗത്തിൽ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചിലയിടങ്ങളിൽ സേവനങ്ങളിൽ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും അത് പരിഹരിക്കുന്നതിനാണ് അദാലത്തെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..