23 December Monday

ലക്ഷ്യം സർക്കാരിനെതിരെ പുകമറ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > ഹേമ കമ്മറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ തന്നെ വെട്ടിയെന്ന ആക്ഷേപം, വസ്തുതകൾ പുറത്തുവന്നതോടെ വിഴുങ്ങി മാധ്യമങ്ങളും പ്രതിപക്ഷവും. വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും അംഗീകരിച്ച നിബന്ധനകളോടെ, സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ മാത്രമാണ്‌ ഏതെല്ലാം വിവരങ്ങൾ പുറത്തുവിടണമെന്നതിനുള്ള വിവേചനാധികാരം. സർക്കാരിന്‌ ഇതിൽ ഇടപടാൻ കഴിയില്ല. എന്നിട്ടും ആരെയൊക്കെയൊ രക്ഷിക്കാൻ റിപ്പോർട്ടിലെ ചിലഭാഗങ്ങൾ മറച്ചുവച്ചുവെന്ന്‌ പറഞ്ഞ്‌ സർക്കാരിനെതിരെ പുകമറ തീർക്കുകയാണ്‌ ചിലർ. 

ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാനവും ചെയ്യാത്ത ധീരമായ നടപടിയിലൂടെ രൂപീകരിച്ച കമ്മിറ്റി റിപ്പോർട്ട്‌ തുറന്ന ചർച്ചയിലേക്കും നടപടികളിലേക്കും കടന്നുകഴിഞ്ഞു. ഈ സാഹചര്യം സർക്കാരിന്‌ ഗുണകരമാകരുതെന്ന്‌ കണ്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ച്‌, ദുരനുഭവമുണ്ടായവർക്ക്‌ മൊഴിനൽകാനുള്ള വിശ്വാസ്യതയും സംരക്ഷണവും ധൈര്യവും നൽകിയത്‌ സർക്കാരിന്റെ നിലപാട്‌ മൂലമാണ്‌. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ മൂന്നുമാസത്തോളം ജയിലിലടച്ചു. പരാതി വന്ന മറ്റു സംഭവങ്ങളിലും കുറ്റക്കാർ അകത്തായി.

കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ എതിർക്കാത്ത സർക്കാർ, ശുപാർശകളിൽ നടപടിയെടുക്കാനാണ്‌ മുൻഗണന നൽകിയത്‌. ഡബ്ല്യുസിസി ക്കും തുടർനടപടികളിലാണ്‌ താൽപര്യം. എന്നാൽ, കിട്ടിയ അവസരം മുതലെടുത്ത്‌ സിനിമാമേഖല തന്നെ കുളംകലക്കി രാഷ്‌ട്രീയ നേട്ടത്തിനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. റിപ്പോർട്ട്‌ തടയാനോ പുറത്തുവിടാനോ വിവരാവകാശ കമീഷന്‌ അധികാരമില്ലെന്ന്‌ വാദിക്കുന്ന വി ഡി സതീശൻ, നിയമപോരാട്ടത്തിന്‌ ഇറങ്ങുമെന്ന ആദ്യ പ്രസ്താവനയിൽ നിന്ന്‌ പിന്മാറി. ‘ അമ്മ ’ യുടെ നിലപാടിനെ കുറിച്ച്‌ അഭിപ്രായം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സംബന്ധിച്ച പ്രതിപക്ഷ നിലപാടിലെ ആത്മാർഥതയാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top